പരിയാരത്തെ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കി അധികൃതര്‍; മെറിറ്റ് സീറ്റിലെ വിദ്യാര്‍ഥികളും സ്വാശ്രയ സീറ്റിലെ നിരക്കില്‍ ഫീസ് അടയ്ക്കണമെന്ന് മാനേജ്‌മെന്റ്‌

0
44

പരിയാരം: സര്‍ക്കാര്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ച പരിയാരം മെഡിക്കല്‍ കോളേജില്‍ മെറിറ്റ് സീറ്റിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് തലവേദനയാകുന്ന തീരുമാനവുമായി കോളേജ് അധികൃതര്‍. മെറിറ്റ് സീറ്രിലെ വിദ്യാര്‍ഥികളും സ്വാശ്രയ സീറ്റിലെ നിരക്കില്‍ ഫീസ് അടയ്ക്കണമെന്നാണ് കോളജ് അധികൃതരുടെ നിലപാട്. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസായ 2.5 ലക്ഷം രൂപയ്ക്ക് പുറമേ ഇനി 2.35 ലക്ഷം രൂപ കൂടി അടയ്ക്കണമെന്നാണ് ഉത്തരവ്. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍ സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും ഫീസ് ഏകീകരിക്കണമെന്ന രാജേന്ദ്രബാബു കമ്മിറ്റി ശുപാര്‍ശ പ്രകാരമാണ് നടപടിയെന്ന് മാനേജ്‌മെന്റ് പറയുന്നു.

ഇതോടെ, സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശനം നേടിയ നിര്‍ധന വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായി. 2.35 ലക്ഷം അടച്ചില്ലെങ്കില്‍ കോളേജില്‍ നിന്ന് പുറത്താക്കുമെന്ന് വിദ്യാര്‍ഥികള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറത്ത്, മെറിറ്റ് സീറ്റില്‍ ഏറ്റവും കുറവ് ഫീസ് വാങ്ങിയിരുന്നത് പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു. മറ്റു സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ സീറ്റുകളിലും ഉയര്‍ന്ന ഫീസ് വാങ്ങുന്നതിനാല്‍, റാങ്ക് ലിസ്റ്റില്‍ മുമ്പിലെത്തുന്ന കുട്ടികളില്‍ സാമ്പത്തിക ശേഷി കുറഞ്ഞവര്‍ ഗവ. മെഡിക്കല്‍ കോളേജുകള്‍ കഴിഞ്ഞാല്‍ പരിയാരത്തിനാണ് മുന്‍ഗണന നല്‍കിയിരുന്നത്.
അങ്ങനെ, ചെറിയ ഫീസില്‍ പഠിക്കാമെന്ന ധൈര്യത്തില്‍ കോളേജില്‍ ചേര്‍ന്നവര്‍ ഉടന്‍ വന്‍തുക സംഘടിപ്പിക്കേണ്ട സ്ഥിതിയിലാണ്.

കഴിഞ്ഞ അധ്യയന വര്‍ഷം എംബിബിഎസിന് ചേര്‍ന്ന് ഒരു വര്‍ഷത്തെ പഠനം പൂര്‍ത്തിയാകാറായ വിദ്യാര്‍ഥികളാണ് അധിക ഫീസ് നല്‍കേണ്ടി വരിക. കഴിഞ്ഞ അധ്യയന വര്‍ഷം പരിയാരത്ത് സര്‍ക്കാര്‍ ക്വോട്ടയില്‍ എംബിബിഎസില്‍ പ്രതിവര്‍ഷം 2.5 ലക്ഷം രൂപയാണ് നിശ്ചയിച്ചത്. മാനേജ്‌മെന്റ് ക്വോട്ടയില്‍ 10 ലക്ഷവും. അതിനെതിരെ മാനേജ്‌മെന്റ് ക്വോട്ടയിലെ വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് സീറ്റിലെ ഫീസ് 4.85 ലക്ഷമായി കുറച്ചു. ഇതിനെ തുടര്‍ന്നാണ്, എന്‍ആര്‍ഐ ക്വോട്ട ഒഴികെ മുഴുവന്‍ സീറ്റിലും ഫീസ് 4.85 ലക്ഷമായി ഏകീകരിക്കുന്നത്.