മാധ്യമപ്രവര്‍ത്തകയെ പരിഹസിച്ച് ബിജെപി നേതാവിന്റെ പോസ്റ്റ്; വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞു

0
27

ചെന്നൈ: ‘ദ് വീക്ക്’ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ലക്ഷ്മി സുബ്രഹ്മണ്യന്റെ കവിളില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് തട്ടിയ സംഭവത്തില്‍, വിവാദ ഫെയ്‌സ്ബുക് പോസ്റ്റുമായി ബിജെപി നേതാവ്. നടനും തിരക്കഥാകൃത്തുമായ എസ്.വി.ശേഖര്‍ വെങ്കട്ടരാമനാണ് പ്രകോപനപരമായ പോസ്റ്റ് ഷെയര്‍ ചെയ്തത്. വിവാദമായതിന് പിന്നാലെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പുപറഞ്ഞു.

‘അടുത്തിടെ ഉയര്‍ന്ന പരാതികള്‍ സൂചിപ്പിക്കുന്നത്, വലിയ ആളുകള്‍ക്കൊപ്പം കിടക്ക പങ്കിടാതെ അവര്‍ക്ക് റിപ്പോര്‍ട്ടര്‍മാരോ അവതാരകരോ ആകാന്‍ സാധിക്കില്ലെന്നാണ്. വിദ്യാഭ്യാസമില്ലാത്ത വൃത്തികെട്ട വിഡ്ഢികള്‍. തമിഴ്നാട്ടിലെ മാധ്യമ രംഗത്ത് ഇത്തരക്കാര്‍ കൂടുതലാണ്. ഈ സ്ത്രീയും അക്കൂട്ടത്തില്‍പ്പെട്ടതാണ്. സര്‍വകലാശാലകളേക്കാള്‍ കൂടുതലായി ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നത് മാധ്യമ മേഖലയിലാണ്. എന്നിട്ടാണ് അവര്‍ ഗവര്‍ണറെ ചോദ്യം ചെയ്യുന്നെത്’ എന്ന് ശേഖര്‍ വെങ്കട്ടരാമന്‍ ഷെയര്‍ ചെയ്ത പോസ്റ്റില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകയെ സ്പര്‍ശിച്ചതിന് ഗവര്‍ണര്‍ ഫിനൈല്‍ കൊണ്ടു കൈകഴുകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗവര്‍ണറെയും അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ലക്ഷ്യമെന്നും കുറിപ്പില്‍ ആരോപിക്കുന്നു. വിവാദമായതോടെ എഫ്ബി പേജില്‍ നിന്ന് വെങ്കട്ടരാമന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

വിവാദത്തില്‍ നേരത്തെ തമിഴ്‌നാട് ഗവര്‍ണര്‍ ക്ഷമ ചോദിച്ചിരുന്നു. മികച്ച ചോദ്യം ചോദിച്ചതിനുള്ള അഭിനന്ദനമെന്ന രീതിയിലാണ് കവിളില്‍ തട്ടിയതെന്നും അതു തന്റെ കൊച്ചുമകളെ പോലെ പരിഗണിച്ചാണെന്നുമായിരുന്നു ലക്ഷ്മിക്കയച്ച കത്തില്‍ പുരോഹിത് പറഞ്ഞത്. വിശദീകരണത്തില്‍ തൃപ്തയല്ലെങ്കിലും ഗവര്‍ണറുടെ മാപ്പപേക്ഷ അംഗീകരിക്കുന്നതായി ലക്ഷ്മി പറഞ്ഞു