മലപ്പുറം: കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം നല്കിയ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന് 16 വയസ്സുകാരനാണെന്ന് പൊലീസ്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയെന്നാരോപിച്ച് ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത് പൊലീസ് സൈബര്‍ സെല്ലിന് കൈമാറി. രാജ്യത്താകെ അംഗങ്ങളുളള ‘വോയ്സ് ഓഫ് യൂത്ത്’ എന്ന പേരിലുള്ള നാലു വാട്സാപ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച ഹർത്താൽ ആഹ്വാനമാണു കുഴപ്പങ്ങൾ സൃഷ്ടിച്ചതെന്നും
ഈ പേരിലുള്ള ഒരു ഗ്രൂപ്പിന്റെ അഡ്മിനാണു തിരൂരിലെ പതിനാറുകാരനെന്നും
പൊലീസ് പറയുന്നു.
സംസ്ഥാനത്താകെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കും വിധം ഹര്‍ത്താലിന് ആഹ്വാനം നല്കിയ സന്ദേശം തയാറാക്കിയവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. തിരുവനന്തപുരം, കിളിമാനൂര്‍ സ്വദേശികളായ അഞ്ചു പേരാണ് മഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലുളളത്. ഹര്‍ത്താലിന് ആഹ്വാനം നല്കിയ ആദ്യ വാട്സാപ് സന്ദേശം കിളിമാനൂര്‍ സ്വദേശിയാണ് പോസ്റ്റു ചെയ്തതെന്ന സംശയത്തിലാണ് ചോദ്യം ചെയ്യല്‍.
അതേസമയം, കേസില്‍ നിന്ന് രക്ഷപ്പെടാനാണോ 16 വയസുകാരനെ വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിനാക്കിയതെന്ന് സംശയമുണ്ട്. നിരീക്ഷണത്തിലുളള കൂട്ടായി സ്വദേശിയായ 16 വയസുകാരന്റേയും കസ്റ്റഡിയില്‍ എടുത്ത മറ്റുളളവരുടേയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചു വരികയാണ്.