ആഗോള വിപണിയില്‍ പുതിയ മാരുതി സുസൂക്കി എര്‍ട്ടിഗ എംപിവി എത്തി

0
124

ആഗോള വിപണിയില്‍ പുതിയ മാരുതി സുസൂക്കി എര്‍ട്ടിഗ എംപിവി എത്തി. 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയിലാണ് ആദ്യമായി മാരുതി സുസൂക്കി എര്‍ട്ടിഗയെ അവതരിപ്പിച്ചത്. തികച്ചും വ്യത്യസ്തമാണ് പുതിയ എര്‍ട്ടിഗയുടെ രൂപവും ഭാവവും. വരും മാസങ്ങളില്‍ തന്നെ പുതുതലമുറ എര്‍ട്ടിഗയുടെ ഉത്പാദനം ഇന്ത്യയില്‍ മാരുതി ആരംഭിക്കുമെന്നാണ് വിവരം.

പുതിയ എര്‍ട്ടിഗയില്‍ ഏഴു പേര്‍ക്കു സഞ്ചരിക്കാം. 45 ലിറ്ററാണ് മോഡലിന്‍റെ ഇന്ധനശേഷി. മൂന്നാം നിര സീറ്റുകള്‍ മടക്കിയാല്‍ ബൂട്ട് കപ്പാസിറ്റി 153 ലിറ്ററില്‍ നിന്നും 550 ലിറ്ററായി വര്‍ധിപ്പിക്കാനും സാധിക്കും.നിലവിലുള്ള മോഡലിനെക്കാളും 99 mm നീളവും, 40 mm വീതിയും, 5 mm ഉയരവും പുതിയ എര്‍ട്ടിഗയ്ക്ക് കൂടുതലാണ്. ഗ്രൗണ്ട് ക്ലിയറന്‍സ് 180 mm. വീല്‍ബേസില്‍ മാറ്റമില്ല.

ഏറ്റവും പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് രണ്ടാം തലമുറ എര്‍ട്ടിഗയില്‍. മാരുതി സുസൂക്കി വികസിപ്പിച്ച എഞ്ചിനാണിത്. 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ DOHC K158 എഞ്ചിന് പരമാവധി 103.2 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കാനാവും.

അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കാറില്‍ നല്‍കിയിരിക്കുന്നത്. ഡീസല്‍ പതിപ്പില്‍ 1.3 ലിറ്റര്‍ DDiS എഞ്ചിന്‍ തന്നെയാകും തുടരുക. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമായിരിക്കും ഡീസല്‍ എര്‍ട്ടിഗയില്‍.

പുതിയ 15 ഇഞ്ച് 185/R65 അലോയ് വീലുകളിലാണ് രണ്ടാം തലമുറ എര്‍ട്ടിഗയുടെ ഒരുക്കം. അകത്തളത്തിലും കാര്യമായ മാറ്റങ്ങളുണ്ട്. ബീജ് നിറമാണ് ഉള്ളില്‍. സ്വിഫ്റ്റിലും ഡിസൈറിലും കണ്ട ഡാഷ്ബോര്‍ഡാണ് പുതിയ എര്‍ട്ടിഗയുടെ അകത്തളത്തിലും. ആപ്പിള്‍ കാര്‍പ്ലേ, സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഫ്ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ചെരിവ് നിയന്ത്രിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, നാലു സ്പീക്കറുകള്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും എര്‍ട്ടഗിയിലുണ്ട്.

ഹെഡ്‌ലാമ്പുകളും ത്രികോണാകൃതിയുള്ള ടെയില്‍ലാമ്പും ഒരുപരിധി വരെ ഇന്നോവ ക്രിസ്റ്റയെ അനുസ്മരിപ്പിക്കും.


ഗ്രില്ലിലും പ്രൊജക്ടര്‍ ഹെഡ്‌ലാമ്ബ് ഘടനയിലും വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ ബമ്ബറും 15 ഇഞ്ച് അലോയ് വീലുകളും കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോഗ് ലാമ്ബുകള്‍, കീലെസ് സ്മാര്‍ട്ട് എന്‍ട്രി, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും എര്‍ട്ടിഗയുടെ പ്രത്യേകതകളാണ്.