ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന് ആറ് വിക്കറ്റിന്റെ വിജയം

0
50

ബെംഗളൂരു: ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ആറു വിക്കറ്റിന്റെ ഉജ്ജ്വല വിജയം. എബി ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് 12 പന്തുകള്‍ ശേഷിക്കെ ബാഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത്. 39 പന്തില്‍ 90 റണ്‍സുമായി എബി ഡിവില്ലിയേഴ്‌സ് പുറത്താകാതെ നിന്നു.

ബാംഗ്ലൂരിനായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 26 പന്തില്‍ 30 റണ്‍സെടുത്തു. ക്വിന്റന്‍ ഡികോക്ക് (16 പന്തില്‍ 18), മനന്‍ വോറ (അഞ്ചു പന്തില്‍ രണ്ട്), കോറി ആന്‍ഡേഴ്‌സണ്‍ (13 പന്തില്‍ 15) എന്നിങ്ഹനെയാണ് മറ്റ് ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകള്‍. മന്‍ദീപ് സിങ് 17 റണ്‍സുമായി പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി ട്രെന്റ് ബോള്‍ട്ട്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് സ്വന്തമാക്കുകയായിരുന്നു. 48 പന്തുകളില്‍ ആറ് ഫോറും ഏഴ് സിക്‌സറുകളും ഉള്‍പ്പടെ 85 റണ്‍സാണ് ഋഷഭ് പന്ത് നേടിയത്. ശ്രേയസ് അയ്യര്‍ 31 പന്തില്‍ 52 റണ്‍സെടുത്തു. ബാംഗ്ലൂരിനായി യുസ്‌വേന്ദ്ര ചഹല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, വാഷിങ്ടന്‍ സുന്ദര്‍, കോറി ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.