പഞ്ചവര്‍ണ്ണതത്തയിലെ രസകരമായ മേക്കിംഗ് വീഡിയോയും എത്തി

0
57

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്തയിലെ രസകരമായ മേക്കിംഗ് വീഡിയോ എത്തി. ജയറാമും കുഞ്ചാക്കോ ബോബനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായികയായി എത്തുന്നത്. സമൂഹത്തിലെ വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ടുപേരുടെ കൂടിച്ചേരലും തുടര്‍ന്ന് രണ്ടുപേരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന രസാവഹമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിലൂടെ ജയറാം ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ചിത്രത്തിലെ താരത്തിന്‍റെ വ്യത്യസ്തമായ രൂപവും വേഷവും ഭാഷയുമെല്ലാം ചര്‍ച്ചയായിക്കഴിഞ്ഞു. പഞ്ചവര്‍ണ്ണതത്തയില്‍ മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന പെറ്റ് ഷോപ്പ് ഉടമയായാണ് ജയറാം എത്തുന്നത്. രാഷ്ട്രീയക്കാരന്‍റെ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബന്‍ ആദ്യമായി എം.എല്‍.എയായെത്തുന്ന ചിത്രമാണിത്.

സപ്ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് പഞ്ചവര്‍ണ്ണ തത്ത നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും വികസിപ്പിച്ചിരിക്കുന്നത്.

ജനാര്‍ദ്ദനന്‍, സലിംകുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോജു ജോര്‍ജ്, അശോകന്‍, പ്രേംകുമാര്‍, മണിയന്‍പിള്ള രാജു, കുഞ്ചന്‍, ബാലാജി, ചാലി പാലാ, നന്ദനുണ്ണി, സാജന്‍ പള്ളുരുത്തി, സീമാ ജി. നായര്‍, മഞ്ജു മറിമായം, കനകലത തുടങ്ങിയവര്‍ പ്രധാന താരങ്ങളാകുന്നു.

സന്തോഷ് വര്‍മയുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍, നാദിര്‍ഷ എന്നിവര്‍ ഈണം പകരുന്നു. പ്രദീപ് നായര്‍ ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പഞ്ചവര്‍ണ്ണ തത്ത തീയേറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.