ബാല്യം കാലം മുതല്‍ എങ്ങനെയിരിക്കണം, നടക്കണം, ചിരിക്കണം, കരയണം തുടങ്ങിയ അലിഖിത രീതികള്‍ ശീലിപ്പിച്ചുകൊണ്ടാണ് ഇന്ത്യയിലെ ഓരോ പെണ്‍കുട്ടികളും വളരുന്നത്. അടക്കവും ഒതുക്കവുമുള്ള പെണ്കുട്ടികളായി വളര്‍ത്തുന്നതിന്റെ അവസാനഘട്ടങ്ങളിലൊന്നാണ് ഒരു നല്ല ഭാര്യ എങ്ങനെയെല്ലാമായിരിക്കണം എന്നത്. എന്നാല്‍ ഒരു നല്ല ഭര്‍ത്താവ് എങ്ങനെയായിരിക്കണമെന്ന് ആണ്‍കുട്ടികളെ ആരും ഉപദേശിക്കാറില്ല. സമൂഹത്തില്‍ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ഈ ലിംഗവിവേചനത്തെ ചോദ്യം ചെയ്യുകയാണ് സൈക്കോളജിസ്റ്റും എഴുത്തുകാരിയും പ്രാസംഗികയുമായ ജസീന ബക്കറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പ്
സ്ത്രീകളെ, നിങ്ങള്‍ എന്താണ്?
‘എന്റെ മകന് കുടിയനാണ്. എന്റെ മരുമകളെ കൊള്ളില്ല. അവള്‍ക്ക് അവന്റെ കുടി നിര്‍ത്താനോ നിയന്ത്രിക്കാനോ കഴിയുന്നില്ല.’ എന്റെ വീട്ടില്‍ ജോലിക്ക് വരുന്ന സ്ത്രീ എന്നോട് പറഞ്ഞു. ‘വീട്ടില്‍ വന്നുകയറുന്ന ഭാര്യമാര്‍ നല്ലവരായിരുന്നാല്‍ മാത്രമേ ഭര്ത്താക്കന്മാരെ നേര്‍വഴിക്ക് നടത്താന്‍ സാധിക്കൂ.’ അവള് പറഞ്ഞു.
നിങ്ങള്‍ ഒരു നല്ല സ്ത്രീയായിരിക്കണം, മര്യാദയുള്ളവളായിരിക്കണം, ഒരു ദിവസം നിങ്ങള്‍ ആരുടേയോ ഭാര്യയാകേണ്ടവളാണ്. കുടുംബമൂല്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. എന്താണ് ഒരു നല്ല സ്ത്രീയെന്ന് വെച്ചാല്‍?
‘അവരുടെ വിവാഹം കഴിഞ്ഞിട്ട് 8 വര്‍ഷമായി. ഈ എട്ടുവര്‍ഷവും അവള് എന്തുചെയ്യുകയായിരുന്നു എന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്.’ ആ സ്ത്രീ വീണ്ടും പറഞ്ഞു.
‘നിങ്ങള്‍ 28 വര്‍ഷം എന്താണ് ചെയ്തിരുന്നത്?’ ഞാന്‍ അവളോട് ചോദിച്ചു.
‘എന്നുവെച്ചാല്‍ ?’ അവള് മറുചോദ്യമുന്നയിച്ചു.
‘നിന്റെ മകന് വിവാഹത്തിന് മുമ്പ് 28 വര്‍ഷം നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അവനെ നേരെയാക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്തത്?’ ഞാന്‍ അവളോട് ചോദിച്ചു.
‘ഞാന്‍ അമ്മയാണ് എനിക്ക് ചില പരിമിതികളുണ്ട്. മാത്രമല്ല അവന് ഞാന്‍ പറയുന്നത് കേള്‍ക്കുകയില്ല. അവള് ഭാര്യയാണ് അവളാണ് അവനെ നിയന്ത്രിക്കേണ്ടത്.’
’28 വര്‍ഷം കൊണ്ട് നിനക്ക് ചെയ്യാന്‍ കഴിയാത്ത എന്താണ് എട്ടുവര്‍ഷം കൊണ്ട് അവള്‍ക്ക് ചെയ്യാനാകുക ?’ ഞാന്‍ അവളോട് ചോദിച്ചു.
‘പുരുഷന്മാര് പച്ചമാങ്ങ പോലെയാണ്. ഭാര്യ നല്ലതാണെങ്കില്‍ അത് പഴുക്കും അല്ലെങ്കില്‍ ചീയും.’ അതായിരുന്നു അവളുടെ വിശദീകരണം.
‘നിങ്ങളുടെ മകന് മദ്യപിക്കുന്ന വിവരം വിവാഹത്തിന് മുമ്പ് മരുമകളോട് പറഞ്ഞിട്ടുണ്ടോ?’
‘ഇല്ല, വിവാഹം കഴിയുന്നതോടെ ഭാര്യക്ക് അവനെ നേരെയാക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതിയിരുന്നത്’.അവള് ഉച്ചത്തില്‍ പറഞ്ഞു.
മുകളിലുള്ള വാചകങ്ങളില്‍ എനിക്ക് പ്രശ്നം തോന്നിയ നിരവധി കാര്യങ്ങളുണ്ട്. പ്രശ്നം എന്നുപറയുന്നത് ഭാര്യയാകുന്നതല്ല അവളുടെ വ്യക്തിത്വത്തെ അംഗീകരിക്കാതെ ഭാര്യയാകുന്നതിനുള്ള മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നതാണ്. അത് അടിച്ചമര്‍ത്തലാണ്.
‘അപ്പോള്‍ ചീഞ്ഞ മാങ്ങ നല്‍കിയതില്‍ നിങ്ങള്‍ക്കെതിരെ അവള്‍ക്ക് പരാതി നല്‍കാം’ ഇത് പറയുമ്പോള്‍ എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.
ഇന്ത്യന്‍ സമൂഹം പെണ്‍കുട്ടികളെ നല്ല ഭാവി വധുവാക്കുന്നതിനായി നൂറ്റാണ്ടുകള്‍ ചിലവഴിച്ചു കഴിഞ്ഞു. എന്നാല്‍ അവര്‍ അര്‍ഹിക്കുന്ന നല്ല ഭര്ത്താക്കന്മാരെ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ഇത് തെറ്റായ രീതിയില്‍ വളര്‍ത്തിയിട്ടുള്ള ആണ്‍കുട്ടികളെ സഹിക്കേണ്ടത് നമ്മുടെ കടമയാണെന്ന തെറ്റായ ബോധം പെണ്‍കുട്ടികളില്‍ ഉണ്ടാക്കുന്നു.
നമ്മള് ജീവിക്കുന്ന പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ ഒരു പ്രായമെത്തിക്കഴിഞ്ഞാല്‍ ആണ്‍കുട്ടികളേക്കാള്‍ പക്വത പെണ്‍കുട്ടികള്‍ക്ക് കൈവരുമെന്ന ഒരു ധാരണയുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ മാനസികമായി പക്വതയുള്ളവരല്ല. അതിനാല്‍ത്തന്നെ ഭാര്യമാര്‍ ഭര്ത്താക്കന്മാരുടെ അധ്യാപികമാരോ, മെന്റര്‍മാരോ, കോച്ചുകളോ അല്ല.
ഇന്ത്യന്‍ സമൂഹം ഒരു വിഭാഗത്തിന് മാത്രം അശ്രദ്ധരായിരിക്കുന്നതിനും, അലക്ഷ്യരായിരിക്കുന്നതിനും സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ അടുത്ത വിഭാഗം അച്ചടക്കമുള്ളവരായിരിക്കാനാണ് നിഷ്കര്‍ഷിക്കുന്നത്.
ഒരു നല്ല ഭാര്യയാകുന്നത് എങ്ങനെയെന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിനായി മുഴുവന്‍ ഊര്‍ജവും ചെലവഴിക്കുന്നതിന് പകരം അമ്പത് ശതമാനം ആണ്‍കുട്ടികള്‍ക്ക് വേണ്ടി കൂടി ഉപയോഗിക്കണം. അതേ പോലെ സ്വന്തം വഴികണ്ടെത്താന്‍ ആണ്‍കുട്ടികളെ ഉപദേശിക്കാനെടുക്കുന്ന ഊര്‍ജത്തിന്റെ പകുതി പെണ്‍കുട്ടികള്‍ക്ക് വേണ്ടി കൂടി ചെലവഴിക്കാന്‍ തയ്യാറാകണം. പാരന്റിങ്ങില്‍ ലിംഗസമത്വം ഉറപ്പുവരുത്തണം.
ഒരു അമ്മാവനും, മുത്തച്ഛനും വിവാഹത്തിന് മുന്‍പ് പുരുഷന്മാരോട് നല്ല ഭര്ത്താവായിരിക്കണമെന്ന് ഉപദേശിക്കുന്നില്ല. എന്നാല്‍ പുരുഷനെ പരിപാലിക്കുന്നതിനുള്ള കഴിവിനെ ആശ്രയിച്ചാണ് നിരവധി സ്ത്രീകള്‍ സ്വന്തം വിലകല്പിക്കുന്നത്.
പുരുഷനെ നേരായ വഴിക്ക് സ്ത്രീകളാണ് കൊണ്ടുവരേണ്ടതെന്ന ആ ചതിയില്‍ സ്ത്രീകളേ നിങ്ങള്‍ വീഴരുത്. ഭാര്യയില്‍ ഒരു അമ്മയെ അല്ല പുരുഷന് ആഗ്രഹിക്കുന്നത്. അവര്‍ക്ക് ഒരു അമ്മയുണ്ട്.
വര്‍ഷങ്ങള്‍ കഴിയുന്തോറും ലോകം കൂടുതല്‍ മെച്ചപ്പെടുന്നതു കൊണ്ട് തന്നെ വരുന്ന തലമുറയിലെ ഭാര്യാഭര്ത്താക്കന്മാരെങ്കിലും ചില മാറ്റങ്ങള്‍ കൊണ്ടു വരുമായിരിക്കും.
അടുത്ത ജനറേഷന്റെ മാതാപിതാക്കളെന്ന നിലയില്‍ നമ്മുടെ കുട്ടികളെ ഉത്തരവാദിത്തമുള്ളവരായി, ലിംഗവ്യത്യാസം നോക്കാതെ നന്നായി പെരുമാറാനറിയുന്നവരായി വളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ കടമയാണ്. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പാടില്ല.
സ്ത്രീ തലകുനിക്കാന്‍ തയ്യാറാകാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന രീതിയില്‍ പ്രശ്നങ്ങളെ സാധൂകരിക്കാനാണ് സമൂഹം എല്ലായ്പ്പോഴും ശ്രമിക്കാറുള്ളത്.
അതാണ് കാര്യം. നമ്മള് അങ്ങോട്ടാണ് എത്തുന്നത്.
സ്ത്രീകളേ, മോശമായി വളര്‍ത്തിയെടുക്കപ്പെട്ട ഒരു പുരുഷനെ നേര്‍വഴിക്ക് നയിക്കുന്ന പുനരധിവാസകേന്ദ്രമല്ല നിങ്ങള്‍.
പുരുഷനെ മാറ്റിയെടുത്ത്, അവനെ നേര്‍വഴിക്ക് വളര്‍ത്തിയെടുക്കേണ്ടത് നിങ്ങളുടെ ജോലിയല്ല.
നിങ്ങള്‍ക്ക് വേണ്ടത് ഒരു ജീവിത പങ്കാളിയെയാണ്, പ്രൊജക്ടിനെയല്ല.