കോഹ്‌ലിയെ ഖേല്‍രത്‌ന പുരസ്‌കാരത്തിനും ദ്രാവിഡിനെ ദ്രോണാചാര്യ അവാര്‍ഡിനും ശുപാര്‍ശ ചെയ്ത് ബിസിസിഐ

0
54

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരരാട് കോഹ്ലിയെ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിനും മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ദ്രോണാചാര്യ അവാര്‍ഡിനും ഇതിഹാസതാരം സുനില്‍ ഗവാസ്‌കറിനെ ധ്യാന്‍ചന്ദ് അവാര്‍ഡിനും ശുപാര്‍ശ ചെയ്ത് ബിസിസിഐ.

രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്നയ്ക്ക് ഇത് രണ്ടാം തവണയാണ് കോഹ്‌ലിയെ ശുപാര്‍ശ ചെയ്യുന്നത്. ഇന്ത്യന്‍ ടീമിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെ പേരിലാണ് കോഹ്‌ലിയെ പുരസ്‌ക്കാരത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2016 ല്‍ കോഹ്ലി പട്ടികയില്‍ ഇടംനേടിയെങ്കിലും റിയോ ഒളിംപിക് മെഡല്‍ ജേതാക്കളായ പി.വി സിന്ധു, സാക്ഷി മാലിക്, ദീപ കര്‍മാക്കര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഇത്തവണ കോഹ്ലിക്ക് ഖേല്‍രത്ന ലഭിക്കുകയാണെങ്കില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും എം.എസ് ധോണിക്കും ശേഷം പുരസ്‌കാരം സ്വന്തമാക്കുന്ന മൂന്നാമത്തെ ക്രിക്കറ്ററായിരിക്കും അദ്ദേഹം. സച്ചിന്‍ 1997-ലും ധോണി 2007-ലും ആയിരുന്നു പുരസ്‌കാരം നേടിയത്.

2018 ലോകകപ്പ് കിരീടം നേടിയ അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിച്ചതാണ് ദ്രാവിഡിനെ മികച്ച പരിശീലകനുള്ള ദ്രോണചാര്യ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത്. ഒരു തോല്‍വി പോലുമറിയാതെയാണ് ദ്രാവിഡിന്റെ കുട്ടികള്‍ ലോകകപ്പ് സ്വന്തമാക്കിയത്. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് എന്നിങ്ങനെ എല്ലാ മേഖലയിലും സമ്പൂര്‍ണമായ ടീമിനെ വാര്‍ത്തെടുക്കാന്‍ ദ്രാവിഡിന് സാധിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് സുനില്‍ ഗവാസ്‌കറെ ബിസിസിഐ ധ്യാന്‍ചന്ദ് അവാര്‍ഡിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയാണ് ഗവാസ്‌കര്‍. അതേസമയം, ശിഖര്‍ ധവാന്‍, വനിതാ ക്രിക്കറ്റര്‍ സ്മൃതി മന്ദാന എന്നിവരെ കഴിഞ്ഞ ദിവസം അര്‍ജുന അവാര്‍ഡിന് ബിസിസിഐ ശുപാര്‍ശ ചെയ്തിരുന്നു.