തബലയില്‍ തുടങ്ങിയ ടോമിന്‍ തച്ചങ്കരിയ്ക്ക് താളപ്പിഴ; കൊച്ചി പ്രസംഗത്തിന്നെതിരെ പ്രതിഷേധവുമായി വനിതാ ജീവനക്കാര്‍

0
257

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: തബലയില്‍ താളമിട്ട് കെഎസ്ആര്‍ടിസി സിഎംഡിയായി ചുമതലയേറ്റ ടോമിന്‍ തച്ചങ്കരിയ്ക്ക് താളപ്പിഴ. കൊച്ചിയില്‍ ജീവനക്കാര്‍ക്ക് മുന്നില്‍ തച്ചങ്കരി നടത്തിയ ആദ്യ പ്രസംഗം തന്നെ താളം പിഴക്കുന്നതായി. തച്ചങ്കരിയുടെ കൊച്ചി പ്രസംഗത്തിന്നെതിരെ കെഎസ്ആര്‍ടിസിയിലെ വനിതാ ജീവനക്കാരാണ് രംഗത്ത് വന്നിരിക്കുന്നത്.

യാത്രക്കാരനോട് ഒരു വനിതാ കണ്ടക്ടർ ഹൗ ആർ യൂ എന്നു ചോദിച്ചാൽ പിറ്റേന്നും അയാൾ ആ കെഎസ്ആർടിസി ബസിൽ തന്നെ കയറുമെന്നുള്ള തച്ചങ്കരിയുടെ കൊച്ചി പ്രസംഗത്തിന്നെതിരെയാണ് വനിതാ കണ്ടക്ടര്‍മാരുടെ രോഷം തിളയ്ക്കുന്നത്. വനിതാ വിഭാഗം ജീവനക്കാരുടെയും യൂണിയന്‍കാരുടെയും രോഷം ഇപ്പോള്‍ കൊച്ചി പ്രസംഗത്തിന്റെ പേരില്‍ തച്ചങ്കരി നേരിടുകയാണ്.

കെഎസ് ആര്‍ ടിസിയുടെ പിതാവ് താനും മാതാവ് കെഎസ് ആര്‍ടിസിയും മക്കള്‍ തൊഴിലാളികളും എന്ന് പരാമര്‍ശിച്ചു കൊണ്ടുള്ള തച്ചങ്കരിയുടെ കൊച്ചി പ്രസംഗമാണെങ്കില്‍ അടിമുടി വിവാദത്തില്‍ മുങ്ങുകയും ചെയ്തു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി എംഡി പുലിവാല്‍ പിടിച്ചപ്പോള്‍ ഒപ്പം യൂണിയനുകളെകൂടി പുലിവാല്‍ പിടിപ്പിച്ചതിനാല്‍ കെഎസ്ആര്‍ടിസി യൂണിയനുകളും അമര്‍ഷത്തിലാണ്.

ഇത്രയും സ്ത്രീ വിരുദ്ധവും വനിതാ കണ്ടക്ടര്‍മാരെ ദോഷകരമായി ബാധിക്കുന്നതുമായ ഒരു പരാമര്‍ശം എംഡി ഒരു പൊതുപരിപാടിയില്‍ നടത്തിയിട്ടും എന്തുകൊണ്ട് അതില്‍ സംബന്ധിച്ച യൂണിയന്‍ നേതാക്കള്‍ ഒരു വാക്ക് പോലും ഉരിയാടിയില്ലെന്നാണ് വനിതകള്‍ യൂണിയനുകളോട് ചോദിക്കുന്നത്. എംഡിയുടെ ആദ്യ പ്രസംഗം തന്നെ തങ്ങളെ പുലിവാല് പിടിപ്പിക്കുമെന്ന് യൂണിയന്‍കാരും ഓര്‍ത്തില്ല.

കൊച്ചി  പരിപാടി കഴിഞ്ഞിട്ടെങ്കിലും എംഡിയോട് പ്രതിഷേധം പ്രകടിപ്പിക്കാത്തതിന്റെ പേരിലാണ് വനിതാ വിഭാഗത്തിന്റെ അമര്‍ഷം യൂണിയനുകളുടെ നേരെ തിരിയുന്നത്. ഒരു പ്രമുഖ യൂണിയന്റെ യോഗത്തില്‍ വനിതകള്‍ ഒന്നടങ്കം ഈ പ്രശ്നം എടുത്തിട്ടു.

സുഖം തന്നെയല്ലേ എന്ന് എന്ന് ചോദിക്കുമ്പോള്‍ കുറച്ച് സുഖത്തിന്റെ കുറവുണ്ട് എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ എന്ത് ഉത്തരം പറയും? യൂണിയന്‍ നേതൃത്വത്തോട് വനിതകള്‍ ചോദിച്ചു. ഈ കാര്യത്തില്‍ യൂണിയനുകള്‍ക്കും ഉത്തരമില്ല. ഏതെങ്കിലും സ്ഥാപനത്തില്‍ ഹൌ ആര്‍ യു എന്ന് ചോദിക്കുന്നതായി കേട്ടിട്ടുണ്ടോ എന്നും വനിതാവിഭാഗം ജീവനക്കാര്‍ ചോദിക്കുന്നു.

കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാര്‍ക്കിടയില്‍ വ്യാപകമായ ചര്‍ച്ചയാണ് സിഎംഡിയുടെ പ്രസംഗത്തിന്നെതിരെ ഉയരുന്നത്. ഒരു യാത്രക്കാരനോട് സുഖം തന്നെയോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ അത്ര സുഖമില്ല എന്നും അത് കഴിഞ്ഞു വേറെ എന്തെങ്കിലും പറഞ്ഞാല്‍ വനിതാ കണ്ടക്ടര്‍മാര്‍ എന്ത് ചെയ്യുമെന്നാണ് ഉയരുന്ന ചോദ്യം.

വനിതാ കണ്ടക്ടര്‍മാര്‍ കണ്ടക്ടര്‍ പണിയല്ലാതെ യാത്രക്കാരുടെ സുഖ വിവരം കൂടി തിരക്കേണ്ടി വരുന്നത് ഏത് ഡ്യൂട്ടിയുടെ ഭാഗമാണെന്നും ചോദ്യം ഉയരുന്നു. എംഡിയുടെ പ്രസ്താവനയ്ക്കെതിരെ വനിതാ കമ്മിഷനെ സമീപിക്കണമെന്നും വനിതാ ജീവനക്കാര്‍ക്കിടയില്‍ ആവശ്യമുയരുന്നുണ്ട്.

പല  രീതിയിലുള്ള ആളുകളാണ് കെഎസ്ആര്‍ടിസിയില്‍ കയറുന്നത്. ചില യാത്രക്കാര്‍ മദ്യപിച്ചാവും കയറുന്നത്. അത്തരം യാത്രക്കാരോട് സുഖമാണോ എന്ന് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി ഊഹിക്കാന്‍ കഴിയും. തിരിച്ചു മറുപടി പറഞ്ഞാലോ? കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും തമ്മില്‍ അടികൂടുന്ന ഘട്ടം തന്നെ വന്നേക്കും. എന്താണ് എംഡിയുടെ ഉദ്ദേശ്യമെന്ന് പിടികിട്ടുന്നില്ല. ഒരു വനിതാ കണ്ടക്ടറുടെ പ്രതികരണം ഇങ്ങിനെ.

പുരുഷ കണ്ടക്ടര്‍മാരും ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ വനിതകളോട് ടിക്കറ്റ് നല്‍കുന്നതിന്നിടെ സുഖം തന്നെയല്ലേ എന്ന് ചോദിച്ചാല്‍ എന്ത് സംഭവിക്കും എന്ന് ഇവരും ചോദിക്കുന്നു. ആദ്യമായാണ് ഒരു സിഎംഡി കെഎസ്ആര്‍ടിസിയുടെ പിതാവായി സ്വയം പ്രഖ്യാപിക്കുന്നത്. ഇതില്‍ യൂണിയനുകള്‍ക്ക് അമ്പരപ്പുണ്ട്. കടുത്ത നടപടികള്‍ക്ക് തച്ചങ്കരി ഒരുങ്ങുന്നതിന്റെ സൂചനയായാണ്‌ എംഡിയുടെ വാക്കുകള്‍ക്ക് യൂണിയനുകള്‍ വ്യാഖ്യാനിച്ചെടുക്കുന്നത്.

യൂണിയനുകള്‍ക്കും ജീവനക്കാര്‍ക്കും നല്ല പണി തന്നെ സിഎംഡി കരുതിവെച്ചതായി

യൂണിയനുകള്‍ കരുതുന്നു. ജീവനക്കാര്‍ക്കും യൂണിയനും എതിരായി നീങ്ങിയാല്‍ സ്വാഭാവികമായും യൂണിയനുകളും ജീവനക്കാരും എതിരാകും. അപ്പോള്‍ ഉയരുന്ന തന്തയ്ക്ക് വിളികള്‍ ഒഴിവാക്കാനാണ് സ്വയം പിതാവായി തച്ചങ്കരി ചമയുന്നതെന്നാണ് കെഎസ്ആര്‍ടിസിയിലെ അടക്കം പറച്ചില്‍.

ജീവനക്കാരെ തിരഞ്ഞുപിടിച്ച് വടക്കോട്ട് അടിയ്ക്കാന്‍ തച്ചങ്കരി നീക്കം നടത്തുനുണ്ട്. ഇതിനെതിരെ കെഎസ്ആര്‍ടിസിയില്‍ പ്രതിഷേധം ശക്തിപ്പെടുന്നുണ്ട്. ജീവനക്കാരുടെ അഭാവം കാരണം സര്‍വീസുകള്‍ മുടങ്ങുന്നതിനാലാണ് തെക്കുള്ള ജീവനക്കാരെ വടക്കോട്ടടിക്കാന്‍ തച്ചങ്കരി cഒരുങ്ങുന്നത്. സ്വയം പിതാവായി ചമഞ്ഞുള്ള നടപടികള്‍ക്കെതിരെ കരുതിയിരിക്കാന്‍ യൂണിയനുകളും തയ്യാറെടുക്കുകയാണ്.

രണ്ടു ദിവസം മുന്‍പ് കൊച്ചിയിലാണ് ടോമിന്‍ തച്ചങ്കരിയുടെ വിവാദ പ്രസംഗം വന്നത്. കെഎസ്ആർടിസിയിലെ നാൽപത്തയ്യായിരത്തോളം വരുന്ന തൊഴിലാളികൾ തന്റെ മക്കളെപ്പോലെയാണെന്നാണ് പ്രസംഗത്തില്‍ തച്ചങ്കരി പറഞ്ഞത്. താന്‍ തൊഴിലാളികളുടെ പിതാവും കെഎസ്ആർടിസി മാതാവുമാണ്. മക്കള്‍ കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍. മക്കള്‍ അമ്മയെ രോഗിയാക്കരുത്.

ലോകത്തെ എല്ലാ ദുഃഖങ്ങളും മാറ്റാൻ കെഎസ്ആർടിസിക്കു കഴിയില്ല. കെഎസ്ആര്‍ടിസിയിലെ തൊഴില്‍ സംസ്ക്കാരത്തില്‍ മാറ്റം വരണം. അത് കഴിഞ്ഞാണ് വിവാദ പ്രസ്താവനയിലേക്ക് തച്ചങ്കരി കടന്നത്. യാത്രക്കാരോടു നന്നായി പെരുമാറാൻ കഴിയണം.

യാത്രക്കാരനോട് ഒരു വനിതാ കണ്ടക്ടർ ഹൗ ആർ യൂ എന്നു ചോദിച്ചാൽ പിറ്റേന്നും അയാൾ ആ കെഎസ്ആർടിസി ബസിൽ തന്നെ കയറും. ഇതാണ് വനിതാ ജീവനക്കാരെ ചൊടിപ്പിച്ചത്. പല രീതിയിലുള്ള യാത്രക്കാരെ കണ്ടു മടുത്ത വനിതാ ജീവനക്കാരോടാണ് യാത്രക്കാരുടെ സുഖാന്വേഷണം കൂടി നടത്തണമെന്ന് സിഎംഡി ആവശ്യപ്പെട്ടത്.

സങ്കീര്‍ണ്ണമായി തുടരുന്ന കെഎസ്ആര്‍ടിസിയിലെ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെ ചുവടുകള്‍ വെച്ചാല്‍ സിഎംഡിയ്ക്ക് പിഴയ്ക്കുമെന്നു തന്നെയാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ സിഎംഡിയോട് പറയുന്നത്.