നോ ഹോണ്‍ ഡേ; കേരളത്തില്‍ ഇന്ന് വാഹനങ്ങള്‍ ഹോണ്‍മുഴക്കില്ല

0
79

കേരളത്തില്‍ ഇന്ന് വാഹനങ്ങള്‍ ഹോണ്‍മുഴക്കില്ല. അന്തർദേശീയ ശബ്ദ മലിനീകരണ അവബോധ ദിനമായ ഇന്ന് സംസ്ഥാനത്ത് ഹോൺ വിമുക്ത ദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായാണിത്. പൊതു നിരത്തുകളിൽ ഇന്ന് ഓടുന്ന മുഴുവൻ വാഹനങ്ങളും ഹോൺ ഒഴിവാക്കണമെന്നാണ് സർക്കാർ നിർദേശം.

പ്രധാന നിരത്തുകളിൽ പോലീസിന്റെ പരിശോധനയും ഉണ്ടാകും. ഇത് സംബന്ധിച്ച് ഡി.ജി. പി ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഹോൺ മുഴക്കാതെ ഒരു ദിനം അതാണ് നോ ഹോൺ ഡോ എന്ന ആശയത്തിന്റെ ലക്ഷ്യം. അമിത ശബ്ദം ആരോഗ്യത്തിന് ഹാനിഹരമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്തർദേശീയ മലനീകരണ ദിനത്തിന്റെ ഭാഗമായി നോ ഹോൺ ഡേ ആചരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടി മാത്രമാണ് ഹോൺ ഉപയോഗിക്കേണ്ടത്. എന്നാൽ ആവശ്യമില്ലാതെ ഹോൺ മുഴക്കുന്നത് പലരുടെയും ശീലമാണ് . മറ്റുള്ള ചെറിയ വാഹങ്ങളെയും യാത്രക്കാരെയും പേടിപ്പിക്കുന്ന വിധത്തിൽ ഹോൺ അടിക്കുന്നത് പലർക്കും ഒരു ശീലമായി മാറിയിരിക്കുന്നു. ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളും അപകടകരമാകും വിധം വര്‍ധിക്കാന്‍ ഇത് കാരാണമാകുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് നോ ഹോൺ ഡേ എന്ന ആശയവുമായി സംസ്ഥ സർക്കാർ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

മോട്ടോർവാഹന നിയമപ്രകാരം 90 മുതൽ 112 ‍ഡെസിബെൽ വരെ ശബ്ദം പുറപ്പെടുവിക്കുന്ന ഇലക്ട്രിക് ഹോണുകൾ മാത്രമേ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടുള്ളൂ. എന്നാൽ സർക്കാർ വാഹനങ്ങളിൽ ഉൾപ്പെടെ 110 ഡെസിബലിനു മുകളിലുള്ള ഹോണുകൾ ഉപയോഗിക്കുന്നുണ്ട്. അതിനിടെ, ഹോണിന്റെ ശബ്ദതീവ്രത അളക്കുന്നതിനുള്ള ഡെസിബൽ മീറ്റർ ഘടിപ്പിച്ച എൻഫോഴ്സ്മെന്റ് വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുമെന്നു ട്രാസ്പോർട്ട് കമ്മിഷണർ കെ.പത്മകുമാർ അറിയിച്ചു. നിരോധിച്ച എയർഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഉയര്‍ത്തിപ്പിടിക്കുന്നതിന് സര്‍ക്കാര്‍ ആചരിക്കുന്ന നോ ഹോണ്‍ ഡേ പൊതുസമ്മേളനം ഇന്ന് (ഏപ്രില്‍ 26) വൈകുന്നേരം 6 ന് വി.ജെ.ടി. ഹാളില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ഏപ്രില്‍ 26 ഹോണ്‍ മുഴക്കാത്ത ദിനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ബോധവത്ക്കരണ പരിപാടികളാണ് ക്യാംപയിനുകളാണ് മോട്ടോര്‍ വാഹന വകുപ്പ്, കേരള പോലീസ്, ഐഎംഎ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്.