ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ച് ഒരു കുട്ടി കൂടി മരിച്ചു

0
40

തിരുവനന്തപുരം: ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ച് ഹരിപ്പാട് സ്വദേശിയായ ഒന്‍പത് വയസുകാരിയെ കൂടാതെ, ഒരു ആണ്‍കുട്ടിയും മരിച്ചു. ഇടുക്കി സ്വദേശിയായ 14 വയസുകാരന്‍ മരിച്ചത് ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതു വഴിയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ മാസം 26 നായിരുന്നു കുട്ടി മരിച്ചത്. എന്നാല്‍ ആര്‍സിസിയില്‍ നിന്ന് മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ ഉന്നയിക്കുന്ന വാദം. ആര്‍സിസിയില്‍ നിന്ന് മാത്രമാണ് കുട്ടി രക്തം സ്വീകരിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു.

ലുക്കീമിയ ചികിത്സക്കിടെ പലതവണ രക്തം സ്വീകരിച്ച കുട്ടിക്ക്, ഓഗസ്റ്റ് മാസത്തിലാണ് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തുന്നത്. ആശുപത്രി അധികൃതര്‍ തന്നെ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതായി അറിയിക്കുകയായിരുന്നു. രക്തം സ്വീകരിച്ചതിലൂടെയാണ് രോഗബാധയെന്ന് ആര്‍സിസി അധികൃതര്‍ അറിയിച്ചതായും കുട്ടിയുടെ അച്ഛന്‍ പറയുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എയ്ഡഡ് കണ്‍ട്രോള്‍ സൊസൈറ്റിയിലും നടത്തിയ പരിശോധനയിലും എച്ച്.ഐ.വി സ്ഥിരീകരിച്ചു.

കുട്ടിക്ക് രക്തം നല്‍കിയ ചിലരെ പരിശോധിച്ചെങ്കിലും ആര്‍ക്കും എച്ച്ഐവി ബാധ കണ്ടെത്താനായില്ലെന്നാണ് ആര്‍സിസി വിശദീകരണം. കുട്ടിയെ വിദഗ്ധ പരിശോധനകള്‍ക്കായി ചെന്നൈയിലേക്ക് ആര്‍സിസി അയച്ചിരുന്നു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ആര്‍സിസിയും എയ്ഡസ് കണ്‍ട്രോള്‍ സൊസൈറ്റിയും കുട്ടിയുടെ കുടുംബത്തെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്.

കഴിഞ്ഞ മാസമാണ് ആര്‍സിസിയില്‍ ചികില്‍സയിലായിരുന്ന ഹരിപ്പാട് സ്വദേശിനിയായ ഒന്‍പതു വയസുകാരി മരിച്ചത്. ആര്‍സിസിയില്‍ നിന്നു രക്തം സ്വീകരിച്ചതു വഴിയാണു രോഗം പിടിപെട്ടതെന്നു അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം ആര്‍സിസി നിഷേധിച്ചതോടെ നീതിക്കായി കോടതിയെ സമീപിച്ചിരിക്കുകയാണു കുട്ടിയുടെ മാതാപിതാക്കള്‍.