കത്വ കേസ്: വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

0
31

ന്യൂഡല്‍ഹി: കത്വയില്‍ എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ സുപ്രീംകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. കേസ് സിബിഐ അന്വേഷിക്കണമെന്നും ജമ്മുവിന് പുറത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തിയിരുന്നു. ഹര്‍ജിയില്‍ തീരുമാനമുണ്ടാവുന്നത് വരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസ് മെയ് ഏഴിന് വീണ്ടും പരിഗണിക്കും.

കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തമായ സാഹചര്യത്തിലാണ് വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം കോടതിയെ സമീപിച്ചത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും കക്ഷി ചേര്‍ക്കണമെന്നും പ്രതികളും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിചാരണ നീതിപൂര്‍വമല്ലെങ്കില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമെന്ന് സുപ്രീം കോടതിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതേസമയം, കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. മാത്രമല്ല പ്രത്യേക കോടതി രൂപീകരിച്ച് വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏഴു പേരെ പ്രതി ചേര്‍ത്തു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരെ മറ്റൊരു കുറ്റപത്രവും കത്വ ജുവനൈല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.