കൊല്ലം: 23-ാമത് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിനിടെ കോണ്‍ഗ്രസുമായുള്ള ബന്ധത്തെ ചൊല്ലി കേരള പ്രതിനിധികള്‍ക്കിടയില്‍ ഭിന്നത. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ഗ്രൂപ്പ് ചര്‍ച്ചയിലാണ് ഭിന്നത വെളിവായത്.
സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമോ നീക്കുപോക്കോ ഇല്ല. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം മറയില്ലാതെ തുറന്ന് പറയണമെന്ന് സംസ്ഥാന എക്സിക്യുട്ടീവ് അംഗമായ പി.പ്രസാദ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ആര്.ലതാദേവി അടക്കമുള്ള നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തി. ഇടത് ഐക്യം ശക്തിപ്പെടുത്തുകയാണ് നല്ലതെന്ന് ആര്.ലതാദേവി പറഞ്ഞു.
അതേസമയം, ഗ്രൂപ്പ് ചര്‍ച്ചയില്‍ കേന്ദ്ര നേതൃത്വത്തിനെതിരെയും രൂക്ഷമായ വിമര്‍ശനമുണ്ടായി. കേന്ദ്ര നേതൃത്വം പ്രേതാലയമായി മാറിയെന്ന് ജനയുഗം എഡിറ്റര്‍ കൂടിയായ രാജാജി മാത്യു തോമസ് വിമര്‍ശിച്ചു. കേന്ദ്ര സെക്രട്ടറിയേറ്റ് പിരിച്ച് വിട്ട് യുവാക്കളെ കൊണ്ടുവരണമെന്ന് വി.എസ്.സുനില്‍കുമാറും ആവശ്യപ്പെട്ടു.