അടുത്ത വര്‍ഷം ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ഫൈനല്‍ മല്‍സരത്തിന്റെ ടിക്കറ്റ് വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റിന് 395 പൗണ്ട് വരെ വില വരുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ഏകദേശം 36,000 രൂപ വരും. ഈ മത്സരം കാണാനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് പോലും 20 പൗണ്ടാണ് (ഏകദേശം 1800ഓളം ഇന്ത്യന്‍ രൂപ). വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് കലാശപ്പോരാട്ടത്തിന്റെ ടിക്കറ്റ് വില നിശ്ചയിച്ചത്. ഇതോടെ ലോകക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ മത്സരമാകാന്‍ ഒരുങ്ങുകയാണ് ഏകദിന ലോകകപ്പ് ഫൈനല്‍.
ലോകകപ്പ് ഫൈനല്‍ കാണാനുള്ള സാധാരണക്കാരുടെ ആഗ്രഹത്തിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നതാണ് മത്സരത്തിലെ ടിക്കറ്റ് വില. അടുത്ത വര്‍ഷം ജൂലൈ പതിനാലിന് ചരിത്രമുറങ്ങുന്ന ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഏകദിന ലോകകപ്പിന്റെ കലാശപ്പോരാട്ടം നടക്കുന്നത്. ഇതിന് മുന്‍പ് 1999ലാണ് ലോര്‍ഡ്സ് ലോകകപ്പ് ഫൈനലിന് വേദിയായിട്ടുള്ളത്. ഈ മത്സരം കഴിയുന്നതോടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള മത്സരത്തിന് ആതിഥേയരായെന്ന നേട്ടവും ലോര്‍ഡ്സിന് സ്വന്തമാകും.
അതേസമയം ലോകകപ്പിന്റെ മൊത്തത്തിലുള്ള ടിക്കറ്റ് വില്പനയില് നിന്ന് 40 മില്ല്യണ്‍ പൗണ്ട് വരുമാനമാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. 46 മത്സരങ്ങളിലായി 8 ലക്ഷത്തോളം ടിക്കറ്റുകളാണ് ലോകകപ്പില്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നത്.