കാണികളെ ഞെട്ടിച്ച് “മമ്മൂട്ടിയും മോഹന്‍ലാലും’ പത്തനംതിട്ട പ്രസ്ക്ലബ്ബില്‍

0
79

കാണികളെ ഞെട്ടിച്ച് ‘മമ്മൂട്ടിയും മോഹന്‍ലാലും’ വ്യാഴാഴ്ച ഉച്ചയോടെ പത്തനംതിട്ട പ്രസ്ക്ലബ്ബിലെത്തി. ആദ്യനോട്ടത്തില്‍ ആരും സംശയിച്ചു പോകും സൂപ്പര്‍ സ്റ്റാറായ മമ്മൂട്ടിയും മോഹന്‍ലാലും കണ്‍മുന്‍പില്‍. പക്ഷേ മലയാളത്തിന്‍റെ സൂപ്പര്‍താരങ്ങളുടെ ജീവന്‍തുളുമ്പുന്ന മെഴുകുപ്രതിമകളാണ് പ്രസ്ക്ലബ് ഹാളില്‍ എത്തിയത്.

വിദേശത്തെ മെഴുക് മ്യൂസിയത്തെക്കുറിച്ച് ചിത്രങ്ങളില്‍ മാത്രം കണ്ടും കേട്ടും പരിചയമുള്ളവര്‍ക്ക് ഈ കാഴ്ച പുതിയൊരനുഭവമായിരുന്നു. ചിത്രകാരനും ശില്‍പിയുമായ കുമ്പനാട് വലിയപറമ്പില്‍ ഹരികുമാറിറാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മെഴുകില്‍ തീര്‍ത്തിരിക്കുന്നത്. അദ്ദേഹത്തിന്‍റെ കന്നി പ്രദര്‍ശനമാണ് വ്യാഴാഴ്ച പ്രസ്‌ക്ലബില്‍ നടന്നത്.

മഹാരാഷ്ട്രയിലെ ലോണാവാലയിലെ മെഴുക് മ്യൂസിയമാണ് അദ്ദേഹത്തിന് പ്രചോദനമായത്. മലയാളിയായ സുനില്‍ കണ്ടല്ലൂരുനെ മാതൃകയാക്കിയാണ് ഹരികുമാര്‍ മെഴുക് പ്രതിമ നിര്‍മ്മാണത്തിലേക്ക് കടന്നത്. വര്‍ഷങ്ങളുടെ കഠിന പ്രയത്നവും നിരന്തരമായ പരീക്ഷണവും കൊണ്ടാണ് മെഴുകുശില്‍പം ഉണ്ടാക്കാന്‍ ഹരികുമാര്‍ പഠിച്ചത്.ശാസ്ത്രീയമായി പഠിക്കാന്‍ സാഹചര്യം ലഭിച്ചില്ല. പതിനഞ്ച് വയസ്സു മുതല്‍ ശില്‍പങ്ങള്‍ നിര്‍മിക്കാറുണ്ട് ഹരികുമാര്‍.

ഒരു പ്രതിമയ്ക്ക് ഏതാണ്ട് ഒന്നേ കാല്‍ ലക്ഷം രൂപ ചെലവുവരും. വിദേശത്തു നിന്ന് ഓണ്‍ലൈന്‍ വഴി എത്തിച്ച മെഴുകാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. വ്യക്തിയുടെ അതേ വലിപ്പത്തിലാണ് പ്രതിമ നിര്‍മിക്കുക.

ഏഴുപ്രതിമകളാണ് ഇതുവരെ ഹരികുമാര്‍ നിര്‍മ്മിച്ചിട്ടുള്ളത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കൂടാതെ ഷാരൂക് ഖാന്‍, പ്രഭാസ്, യേശുദാസ്, രജനികാന്ത്, എപിജെ അബ്ദുള്‍ കലാം എന്നിവരുടെ പ്രതിമകളാണ് മറ്റുള്ളവ. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇതിനുള്ള സാമ്പത്തികം കണ്ടെത്തുന്നത്. കേരളത്തിലും ഒരു മെഴുകു മ്യൂസിയമുണ്ടാക്കുകയാണ് ഹരികുമാറിന്റെ ലക്ഷ്യം.