മോദിക്കായി വാദ്യോപകരണത്തില്‍ ബോളിവുഡ് ഗാനം വായിച്ച് ചൈനീസ് കലാകാരന്മാര്‍

0
40

വുഹാന്‍: രണ്ട് ദിവസത്തെ ചൈന സന്ദര്‍ശനത്തിനെത്തിയ മോദിയെ ഞെട്ടിപ്പിച്ച് ചൈനീസ് കലാകാരന്മാര്‍. ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങിനൊപ്പം എത്തിയ മോദിയ്ക്ക് 1982ലെ ബോളിവുഡ് ഗാനമായ ‘തു തു ഹെ വാഹി ദില്‍ നെ ജിസെ അപ്ന കഹാ’ എന്ന ഗാനം വാദ്യോപകരണത്തിലൂടെ വായിച്ചു കേള്‍പ്പിച്ചു. പ്രത്യേകതരം വാദ്യങ്ങള്‍ ഉപയോഗിച്ചാണ് ‘യേ വാദാ രഹാ’ എന്ന സിനിമയിലെ ഗാനം ചൈനീസ് കലാകാരന്മാര്‍ മനോഹരമാക്കിയത്. അവരുടെ പ്രകടനം ഇഷ്ടപ്പെട്ട മോദി കൈയടിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു.

അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈസ്റ്റ് ലേക്ക് കരയിലൂടെ ചൈനീസ് പ്രസിഡന്റിനൊപ്പം മോദി സവാരി നടത്തിയിരുന്നു. വുഹാന്‍ നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ഈസ്റ്റ് ലേക്ക്. ചൈനയിലെ ഏറ്റവും വലിയ നഗര തടാകവും ഇത് തന്നെ. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഇത്. ഓരോ വര്‍ഷവും ഒരു ദശലക്ഷം സന്ദര്‍ശകരാണ് ഇവിടെയെത്താറുള്ളത്. തുടര്‍ന്ന് വുഹാന്‍ തടകാത്തിലൂടെ ഹൗസ് ബോട്ടില്‍ യാത്ര ചെയ്ത് മോദിയും ഷിയും ‘ചായ് പേ ചര്‍ച്ച’ നടത്തി.

ചൈന-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനായി അനൗദ്യോഗിക ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായാണ് മോദി ചൈനയിലെത്തിയത്. രണ്ട് ഏഷ്യന്‍ ഭീമന്‍മാര്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധം പുനരാരംഭിക്കാന്‍ ഈ ചര്‍ച്ചയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.