സിപിഎം-സിപിഐ ലയനം അജണ്ടയിലില്ല; യോജിപ്പുമായി മുന്നോട്ട് നീങ്ങല്‍ മാത്രമാണ് ലക്ഷ്യം: എസ്.രാമചന്ദ്രന്‍ പിള്ള

0
66

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: സിപിഎം-സിപിഐ ലയനം ഇപ്പോള്‍ അജണ്ടയില്‍ ഉള്ള വിഷയമല്ലെന്നു സിപിഎം പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള 24 കേരളയോട് പറഞ്ഞു. സിപിഎമ്മും സിപിഐയുമായി ഒട്ടേറെ വിഷയങ്ങളില്‍ യോജിപ്പുണ്ട്. ആ യോജിപ്പുമായി മുന്നോട്ട് നീങ്ങല്‍ മാത്രമാണ് ഇപ്പോള്‍ ഞങ്ങള്‍ ലക്‌ഷ്യം വയ്ക്കുന്നത്-എസ്ആര്‍പി പറയുന്നു.

പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സംഘടനാപരവുമായ കാരണങ്ങളാലാണ് സിപിഎമ്മും സിപിഐയും രൂപംകൊണ്ടത്. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളില്‍ സമാനമായ നിലപാട് എടുക്കുന്നുണ്ടെങ്കിലും പ്രത്യയശാസ്ത്ര പരവും രാഷ്ട്രീയവും സംഘടനാപരവുമായ ഒട്ടേറെ വ്യത്യസ്തതകള്‍ ഇരുപാര്‍ട്ടികള്‍ക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് ഇല്ലാതാകുമ്പോള്‍ സിപിഎം-സിപിഐ എന്നീ പാര്‍ട്ടികള്‍ ഒരു പാര്‍ട്ടിയായി മാറും.

ഇന്നിപ്പോള്‍ ആനുകാലിക ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളില്‍ സമാനമായ നിലപാട് എടുത്തുകൊണ്ട് ഇരു പാര്‍ട്ടികളും മുന്നോട്ട് പോകുന്നുണ്ട്. അത് ശക്തിപ്പെടുത്തണം
എന്നതാണ് ഇപ്പോഴത്തെ അജണ്ട. ഈ നിലപാട് ആണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഇപ്പോള്‍ ഉരുത്തിരിഞ്ഞു വരുന്ന രാഷ്ട്രീയ സംഭവങ്ങളും ആ രാഷ്ട്രീയ സംഭവങ്ങളില്‍ കക്ഷികള്‍ എടുക്കുന്ന നിലപാടുകളുടെയും അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്.

സിപിഎം-സിപിഐ ലയനത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പ്രവചിക്കാന്‍ സാധ്യമല്ല. സിപിഎം-സിപിഐ ലയനം പ്രവചിക്കല്‍ അസാധ്യമായ കാര്യമാണ്. അത് നിലവില്‍ സാധ്യമല്ല. ലയനം ഉണ്ടെന്നും ഇല്ലെന്നും പ്രവചിക്കാന്‍ സാധ്യമല്ല. രാഷ്ട്രീയ സംഭവവികാസങ്ങളിലും അതിനുശേഷം വരുന്ന പ്രതികരണങ്ങളിലും യോജിച്ചു പോവുക മാത്രമാണ് വേണ്ടത്. അത് മാത്രമാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്.

സിപിഎം-സിപിഐ പിളര്‍പ്പിനു ആധാരമായ ഒട്ടേറെ കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇതില്‍ തന്നെ മൂന്നു കാരണങ്ങളുണ്ട്‌. പ്രത്യയശാസ്ത്രപരമായ കാരണങ്ങള്‍ ഉണ്ട്. രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ട്. സംഘടനാപരമായ കാരണങ്ങള്‍ ഉണ്ട്. അതിപ്പോഴും നിലനില്‍ക്കുന്നു എന്നുള്ളതുകൊണ്ടാണ് സിപിഎം-സിപിഐ രണ്ടു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആയി നിലനില്‍ക്കുന്നത്. രണ്ടു തരത്തിലുള്ള അഭിപ്രായങ്ങള്‍ പല കാര്യങ്ങളിലും പ്രകടിപ്പിക്കുന്നത്.

പൊതുരാഷ്ട്രീയ സംഭവവികാസങ്ങളില്‍ പ്രത്യയശാസ്ത്രപരമായ ഒരേ സമീപനം, പൊതുവായ സമീപനം, പൊതുവായ സംഘടനാ സമീപനം പ്രകടിപ്പിക്കുമ്പോള്‍ മാത്രമാണ് സിപിഎമ്മും സിപിഐയും ഒരു കക്ഷിയായി മാറുന്നത്. അല്ലെങ്കിലും തമ്മില്‍ ഏറ്റുമുട്ടുന്ന രണ്ടു പാര്‍ട്ടികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഒരു മുന്നോട്ട് പോക്കിനും കഴിയില്ല. പരസ്പരം ലയിക്കാനും കഴിയില്ല.

സിപിഎം-സിപിഐ ലയനം എന്ന് പറയുന്നത് പ്രധാന പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള മാധ്യമങ്ങളുടെ ശ്രമം മാത്രമാണ്. മാധ്യമങ്ങള്‍ക്ക് റീഡര്‍ഷിപ്പ് വേണം. അതുകൊണ്ട് തന്നെ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നില്ല. മാധ്യമങ്ങള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി അത് ഇമോഷണല്‍ ആക്കാന്‍ ശ്രമിക്കാറുണ്ട്. സിപിഎം-സിപിഐ ലയനം ഒന്നും ഞങ്ങളുടെ അജണ്ടയിലില്ല.

നേപ്പാളിലെ രാഷ്രീയ സംഭവവികാസങ്ങള്‍ ആധാരമാക്കിയാണ് നേപ്പാളിലെ കമ്മ്യൂണിസ്റ്റ് ഏകീകരണത്തെക്കുറിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞത്.

നേപ്പാളില്‍ രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉണ്ടായതും അവ ഏകീകരിച്ചതും അവിടെയുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ്. ആ രാഷ്ട്രീയ സംഭവവികാസങ്ങളെ സൂചിപ്പിക്കുക മാത്രമാണ് യെച്ചൂരി ചെയ്തത്. അതിന്നപ്പുറത്തേക്ക് ആരും വായിക്കേണ്ട കാര്യമില്ല.

1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പിളര്‍പ്പുണ്ടായി. രണ്ടു കക്ഷികള്‍ ആയി. സിപിഎമ്മും സിപിഐയും മാത്രമല്ല സിപിഐ (എംഎല്‍) എന്ന കക്ഷികൂടിയുണ്ട്. ഇത് കൂടാതെ മൂന്നു രാഷ്ട്രീയ കക്ഷികള്‍ കൂടിയുണ്ട്. എസ് യുസിഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി എന്നീ കക്ഷികള്‍. ഇന്നിപ്പോള്‍ പ്രസക്തം ഈ കക്ഷികളുടെ യോജിച്ച പ്രവര്‍ത്തനം മാത്രമാണ്. ഞങ്ങള്‍ അതിലാണ് ഊന്നുന്നത്.

സിപിഎം-സിപിഐ ലയനം എന്നു പറയുമ്പോള്‍ എന്തുകൊണ്ട് പിരിച്ചു എന്നത് വിഷയമാണ്. ആര് തിരുത്തണം. അതും വിഷയമാണ്. എന്താണ് തിരുത്തേണ്ടത് എന്നത് വിഷയമാണ്‌. ആ തര്‍ക്കത്തിലേക്ക് ഇപ്പോള്‍ കടക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല-എസ്ആര്‍പി പറയുന്നു.