ഇടുക്കിയിലെ ഭൂപ്രശ്നങ്ങളില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

0
47

അടിമാലി: കര്‍ഷക സമരങ്ങള്‍ നടക്കുന്ന ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയെന്നത് രാജ്യത്തിന്റെ അപൂര്‍വ മേഖലയാണ്. പ്രാദേശിക പ്രാധാന്യമുണ്ടെന്നത് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പാരിസ്ഥിതിക പ്രാധാന്യം സംരക്ഷിക്കണമെന്നും കേവലം പ്രകൃതിയെ മാത്രമല്ല, അവിടെ ജീവിക്കുന്ന മനുഷ്യരെയും കണ്ടുകൊണ്ടുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് വിഭാഗം ജനങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ കുടിയേറ്റ കര്‍ഷകര്‍ ഏതു ഗണത്തില്‍ പെട്ടതായാലും സര്‍ക്കാര്‍ അവര്‍ക്ക് പൂര്‍ണ്ണമായ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വന്‍കിട കയ്യേറ്റക്കാരോട് സര്‍ക്കരാര്‍ ദയാദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കും. എന്നാല്‍, നിശ്ചിത കാലത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റൊരിടത്തും വീടോ സ്ഥലമോ ഇല്ലാതെ ഇടുക്കിയില്‍ വന്ന് താമസിക്കുന്നവര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കാനെന്ന പേരില്‍ കൂടുതല്‍ താല്‍പര്യം കാണിച്ച് സര്‍ക്കാര്‍ പദ്ധതിയെ ആകെ തള്ളിപ്പറയുന്ന ഒരു വിഭാഗം ആളുകളോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള എന്‍.ജി.ഒ യൂണിയന്റെ 55-ാം സംസ്ഥാന സമ്മേളനം അടിമാലി ഈസ്റ്റേണ്‍ പബ്ലിക്ക് സ്‌ക്കൂളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് വിഷയത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. സ്വാഗത പ്രസംഗത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന്റെ വെളിച്ചത്തിലാണ് മറുപടിയെന്നും പിണറായി സൂചിപ്പിച്ചു.