തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസം 30ന് തന്നെ ശമ്പളം നല്‍കുമെന്ന വാക്ക് പാലിച്ച് എം.ഡി ടോമിന് തച്ചങ്കരി. പെന്ഷന് തുകയും കൃത്യസമയത്ത് നല്കാന് നടപടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളവും പെന്‍ഷനും വൈകുന്നത് പതിവായിരിക്കെയാണ് ജീവനക്കാര്‍ക്ക് അപ്രതീക്ഷിതമായി കൃത്യസമയത്ത് തന്നെ ശമ്പളം ലഭിച്ചിരിക്കുന്നത്.
എല്ലാ മാസവും അവസാന പ്രവൃത്തി ദിവസമാണ് ശമ്പളം നല്‍കേണ്ടതെങ്കിലും കുറച്ച് കാലമായി ഒരാഴ്ചയിലേറെ വൈകാറുണ്ട്. എന്നാല്‍, പതിവിന് വിപരീതമായി ഏപ്രിലിലെ അവസാന പ്രവൃത്തി ദിനമായ തിങ്കളാഴ്ച ഉച്ചയോടെ അക്കൗണ്ടില്‍ ശമ്പളം വന്നതിന്റെ സന്ദേശം ജീവക്കാര്‍ക്ക് മൊബൈലില്‍ കിട്ടുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ സന്തോഷം പങ്കുവച്ചു. തച്ചങ്കരി ചുമതലയേറ്റ ശേഷം ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ ശമ്പളം വൈകുന്നതിലാണ് ഏറെ പരാതികളുണ്ടായത്. തുടര്‍ന്ന് തച്ചങ്കരി സര്‍ക്കാരുമായി ബന്ധപ്പെട്ട് ശമ്പളത്തിനുള്ള തുക മുന്‍കൂറായി ലഭ്യമാക്കുകയായിരുന്നു.
കൃത്യസമയത്ത് ശമ്പളം നല്‍കുമെന്നും ഇല്ലെങ്കില്‍ എം.ഡി സ്ഥാനം രാജിവയ്ക്കുമെന്നുമായിരുന്നു തച്ചങ്കരി ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഉറപ്പ്. അതിന് പകരമായി ജീവനക്കാരുടെ പൂര്‍ണ പിന്തുണ അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ശമ്പളം നല്കാന് 86 കോടിയാണ് വേണ്ടത്. കെഎസ്ആര്‍ടിസി കടത്തിലായതിനാല്‍ മാസങ്ങളായി സര്‍ക്കാരാണ് തുക നല്‍കുന്നത്. പെന്ഷന് വിതരണത്തിനുള്ള 60 കോടി രൂപ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഏറ്റെടുത്തിട്ടുള്ളത്.