കത്വയില്‍ സംഭവിച്ചത് ചെറിയ കാര്യം മാത്രം, അതിനെ വലുതാക്കി കാണേണ്ട കാര്യമില്ല; വിവാദ പ്രസ്താവനയുമായി കശ്മീരിലെ പുതിയ ഉപമുഖ്യമന്ത്രി

0
41

ശ്രീനഗര്‍: സത്യപ്രതിജ്ഞ ചെയ്ത് നിമിഷങ്ങള്‍ക്കകം വിവാദ പ്രസ്താവനയുമായി കശ്മീര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കവീന്ദര്‍ ഗുപ്ത. രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച കത്വ സംഭവത്തിലാണ് ഉപമുഖ്യമന്ത്രി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. കത്വയില്‍ എട്ട് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് ഒരു ചെറിയ കാര്യം മാത്രമാണെന്നും, അതിനെ വലുതാക്കി കാണേണ്ടതില്ലെന്നുമാണ് ചുമതലയേറ്റ് മണിക്കൂറുകള്‍ക്കകം മന്ത്രി പറഞ്ഞത്.

‘അതൊരു ചെറിയ കാര്യം മാത്രമാണ്, അത്തരം കാര്യങ്ങള്‍ സംഭവിച്ചുകെണ്ടേയിരിക്കും അതിനെ വലുതാക്കി കാണേണ്ട കാര്യമില്ല, ആ കുട്ടിയ്ക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടത്’- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കത്വ സംഭവത്തിലെ പ്രതികളെ പിന്തുണച്ചതിന്റെ പേരില്‍ രണ്ട് മന്ത്രിമാരെ ബിജെപി പുറത്താക്കി ആഴ്ചകള്‍ക്കൊടുവിലാണ് ഇന്ന് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. മന്ത്രിസഭാ പുന:ക്രമീകരണത്തിന്റെ ഭാഗമായി ഉപമുഖ്യമന്ത്രിയായിരുന്ന നിര്‍മല്‍ സിംഗ് രാജിവച്ച സാഹചര്യത്തിലാണ് കവീന്ദര്‍ ഗുപ്ത പുതിയ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

കത്വ ബലാത്സംഗത്തിന് ശേഷം കേസിലെ പ്രതികളെ പിന്തുണച്ചതിനെത്തുടര്‍ന്ന് ബിജെപി നേതൃത്വം പ്രതിസന്ധിയിലായിരുന്നു. വിവാദം കൊഴുത്തതോടെ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരോടും രാജി വയ്ക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.