കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

0
51

ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമ ജില്ലയിലെ ദ്രാബ്ഗാമില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സുരക്ഷാസൈന്യം വധിച്ചു. ദ്രുബ്ഗാം സ്വദേശിയായ സമീര്‍ ബട്ട്, രാജ്‌പോറയില്‍ നിന്നുള്ള അക്വിബ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിന് സമീപം പ്രതിഷേധവുമായെത്തിയ നാട്ടുകാരില്‍ ഒരാളും കൊല്ലപ്പെട്ടു. 12 പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. എ പ്ലസ് പ്ലസ് കാറ്റഗറിയിലുള്ള ഭീകരനാണ് സമീര്‍ ബട്ട്. സൈന്യത്തെ കല്ലെറിഞ്ഞ സംഭവത്തില്‍ 2016 മാര്‍ച്ച് 24ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, അഞ്ച് ദിവസത്തിന് ശേഷം ഇയാള്‍ പുറത്തിറങ്ങുകയായിരുന്നു. പിന്നീട് ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനില്‍ അംഗമായി.
മേഖലയില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിആര്‍പിഎഫും സൈന്യവും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെയ്പ്പിലാണ് രണ്ട് ഭീകരരെ വധിച്ചത്. മേജര്‍ റാങ്കിലുള്ള രണ്ട് സൈനികര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. പ്രദേശവാസികള്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞത് തിരച്ചിലിനെ ബാധിച്ചതായി ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചു. സൈന്യത്തിന്റെ നീക്കത്തിനെതിരായി മേയ് ഒന്നിന് ബന്ദ് നടത്താന്‍ വിഘടനവാദി നേതാക്കള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.