കെ.എം ആസിഫ് തിളങ്ങി; ചെന്നൈയ്ക്ക് 13 റണ്‍സിന്റെ വിജയം

0
54

പൂനെ: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 13 റണ്‍സിന്റെ ജയം. 211 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. നേരത്തെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഡല്‍ഹിക്കെതിരേ ഷെയ്ന്‍ വാട്സണിന്റെയും ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെയും മികവില്‍ നാല് വിക്കറ്റ് നഷത്തിലാണ് ചെന്നൈ 211 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയെടുത്തത്. ഓപ്പണര്‍മാരായ വാട്സണും ഡുപ്ലെസിയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയ ചെന്നൈയ്ക്ക് റെയ്‌നയൊഴികെ മറ്റെല്ലാവരും മികച്ച സംഭാവനയാണ് നല്‍കിയത്.

79 റണ്‍സ് നേടിയ ഋഷഭ് പന്താണ് മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിരയുടെ ടോപ് സ്‌കോറര്‍. ഡല്‍ഹി ഓപ്പണര്‍മാരെ ഇരുവരെയും പുറത്താക്കി മലയാളി താരം കെ.എം ആസിഫാണ് ഡല്‍ഹിയെ ആദ്യം ഞെട്ടിച്ചത്. പൃഥ്വി ഷാ 9 റണ്‍സ് നേടി പുറത്തായപ്പോള്‍ അപകടകാരിയായി മാറുകയായിരുന്ന കോളിന്‍ മണ്‍റോയെ(26) പുറത്താക്കി ആസിഫ് തന്റെ രണ്ടാം വിക്കറ്റ് നേടി.
അഞ്ചാം വിക്കറ്റില്‍ ഋഷഭ് പന്തും വിജയ് ശങ്കറും ചേര്‍ന്ന് നേടിയ 88 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ഡല്‍ഹിയുടെ തോല്‍വിയുടെ ആഘാതം കുറച്ചത്.

40 ബോളില്‍ നിന്ന് ഏഴ് സിക്സറുകളും നാല് ബൗണ്ടറികളും ഉള്‍പെടെ 78 റണ്‍സെടുത്ത ഷെയ്ന്‍ വാട്സണാണ് ചെന്നൈയുടെ ടോപ്പ് സ്‌കോറര്‍. ധോണി 22 ബോളില്‍ നിന്ന് അഞ്ച് സിക്സറുകളും രണ്ട് ബൗണ്ടറികളുമടക്കം  51 റണ്‍സെടുത്തു. അമിത് മിശ്ര, വിജയ് ശങ്കര്‍, ഗ്ലെന്‍ മാക്സ്‌വെല്‍ എന്നിവര്‍ക്കാണ് ഡല്‍ഹി നിരയില്‍ വിക്കറ്റുകള്‍ ലഭിച്ചത്.