ബിജെപിയുമായുള്ള ബന്ധം ബിഡിജെഎസ് ഉപേക്ഷിക്കണമെന്ന് കോടിയേരി

0
48

ചെങ്ങന്നൂര്‍: ബിജെപിയുമായുള്ള ബന്ധം ബിഡിജെഎസ് ഉപേക്ഷിക്കണമെന്ന അഭിപ്രായവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയുമായി ചേരാന്‍ ബിഡിജെഎസിന് ഒരിക്കലും കഴിയില്ല. ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടുവരാനാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതാണ് ബിഡിജെഎസ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് പ്രസ്ഥാനങ്ങളുടെയും ആശയങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ബിജെപി ബന്ധം ഉപേക്ഷിച്ച് ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളിലൂന്നി നിന്ന് ബിഡിജെഎസ് പ്രവര്‍ത്തിക്കണം. ബിജെപിയുമായി നിസ്സഹകരണം തുടരാനുള്ള ബിഡിജെഎസിന്റെ തീരുമാനം എന്‍ഡിഎയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ഇരു പാര്‍ട്ടികളുടെയും ബന്ധത്തിന് ആയുസുണ്ടാകില്ലെന്ന് രണ്ട് വര്‍ഷം മുമ്പേ സിപിഎം വ്യക്തമാക്കിയതാണ്. ബിഡിജെഎസ്- ബിജെപി ബന്ധം ധൃതരാഷ്ട്രാലിംഗനമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ടും ഭൂരിപക്ഷവും വര്‍ധിക്കുമെന്നും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ എല്‍ഡിഎഫ് പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞതായും കോടിയേരി അഭിപ്രായപ്പെട്ടു. എല്‍ഡിഎഫും യുഡിഎഫുമായാണ് മത്സരം. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണയും മൂന്നാം സ്ഥാനത്തായിരിക്കും. വിന്ധ്യ പര്‍വതത്തിനിപ്പുറത്തെ ജനങ്ങള്‍ ബിജെപിയെ അംഗീകരിക്കില്ല. ജനങ്ങളുടെ വിശ്വാസം ഇടതുപക്ഷത്തിലാണെന്നും കോടിയേരി അവകാശപ്പെട്ടു. ചെങ്ങന്നൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.