മധ്യപ്രദേശില്‍ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതി എഴുതി ആരോഗ്യ പരിശോധന

0
55

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ ജാതി എഴുതി പൊലീസ് ഉദ്യോഗത്തിനുളള ആരോഗ്യ പരിശോധന. ധാര്‍ ജില്ലാ ആശുപത്രിയില്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നടന്ന പരിശോധനയ്ക്കിടെയാണ് ഗുരുതര വിവേചനമുണ്ടായത്. ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ എസ്.സി, എസ്.ടി എന്നിങ്ങിനെയാണ് എഴുതിയിരുന്നത്.

ജനറല്‍ കാറ്റഗറിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 168 സെന്റീമീറ്ററും സംവരണ കാറ്റഗറിയില്‍ 165 സെന്റീമീറ്ററുമാണ് ഉയരമായി വേണ്ടത്. പരിശോധകര്‍ക്ക് എളുപ്പത്തില്‍ വ്യക്തത ലഭിക്കാനെന്ന പേരിലാണ് ഉദ്യോഗാര്‍ഥികളുടെ ശരീരത്തില്‍ ജാതി എഴുതിച്ചേര്‍ത്തത്. എന്നാല്‍ ജാതി എഴുതിയതിനെ ഉദ്യോഗാര്‍ത്ഥികള്‍ എതിര്‍ക്കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ല.

Image result for in-madhya-pradesh-candidates-marked-"sc-st"-during-medical-exam-for-police-recruitment

നെഞ്ചില്‍ ജാതി എഴുതിച്ചേര്‍ത്ത ഉദ്യോഗാര്‍ത്ഥികളുടെ ഫോട്ടോകള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഗുരുതരമായ തെറ്റാണിതെന്നും ഇങ്ങനെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും മധ്യപ്രദേശ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.സി.പനിക പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പ് മധ്യപ്രദേശില്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ജാതി രേഖപ്പെടുത്തിയ ബാഗ് വിതരണം ചെയ്തതും വിവാദമായിരുന്നു.

Image result for in-madhya-pradesh-candidates-marked-"sc-st"-during-medical-exam-for-police-recruitment