ഒരു എംഎല്‍എയ്ക്ക് നൂറു കോടി രൂപ വിലയിട്ട പാര്‍ട്ടി എന്ന നിലയിലാണ് ഇന്ത്യയില്‍ ബിജെപി അറിയപ്പെടുക: എം.എ.ബേബി

0
280

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഒരു എംഎല്‍എയ്ക്ക് ഏറ്റവും കൂടുതല്‍ വിലയിട്ട, നൂറു കോടി രൂപ വിലയിട്ട പാര്‍ട്ടി എന്ന നിലയിലാണ് ഇനി ഇന്ത്യയില്‍ ബിജെപി അറിയപ്പെടാന്‍ പോകുന്നതെന്ന് സിപിഎം പിബി അംഗം എം.എ.ബേബി 24 കേരളയോടു പറഞ്ഞു. ഈ വസ്തുത തന്നെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനി ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നതും.

കേരളത്തെ പോലുള്ള അപൂര്‍വം ചില സംസ്ഥാനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പണമാണ് ജനാധിപത്യത്തെ നിയന്ത്രിക്കുന്നത് എന്ന് കാണാവുന്നതാണ്. വോട്ടു ചെയ്യുന്നതിന് മുന്‍പ് തന്നെ പണം കൊടുത്ത് വോട്ടു വാങ്ങല്‍ പ്രക്രിയയാണ് നടക്കുന്നത്. അതും പോരാഞ്ഞാണ് ഇപ്പോള്‍ എംഎല്‍എമാരെ തന്നെ വിലയ്ക്ക് വാങ്ങാന്‍ നടക്കുന്നത്.

കര്‍ണാടകയില്‍ ബിജെപി ഒരു എംഎല്‍എയ്ക്ക് ഓഫര്‍ ചെയ്യുന്നത് നൂറു കോടി രൂപയാണ്. നൂറു കോടി നല്‍കി എംഎല്‍എമാരെ വിലയ്ക്ക് വാങ്ങിയാല്‍ തന്നെ കര്‍ണാടകയില്‍ ബിജെപിയ്ക്ക് ഭരിക്കാന്‍ കഴിയുമോ എന്ന് സംശയം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഏതാനും മണിക്കൂറുകള്‍ മാത്രം നീളുന്ന ഒരു മുഖ്യമന്ത്രിയാകുമോ യെദ്യൂരപ്പ എന്നും ഇനി അറിയാന്‍ പോകുന്നതേയുള്ളൂ. നൂറു കോടി രൂപയ്ക്ക് വില്‍ക്കപ്പെടാന്‍ എംഎല്‍എമാര്‍ തയ്യാറാകുമോ എന്നും അറിയേണ്ടതുണ്ട്.

സ്വന്തം മണ്ഡലത്തില്‍ വന്നു ജനങ്ങളെ അഭിമുഖീകരിക്കേണ്ട ആവശ്യം ഈ എംഎല്‍എമാര്‍ക്കുണ്ട്. കാരണം ജനങ്ങളാണ് ജനാധിപത്യത്തിലെ കാവലാളുകള്‍. ജനങ്ങള്‍ക്ക് ആ രീതിയില്‍ ഇടപെടാന്‍ കഴിയുമോ എന്നും ചോദ്യം ഉയരുന്നുണ്ട് -എം.എ.ബേബി പറഞ്ഞു.

ബിജെപിക്കെതിരെ കോണ്‍ഗ്രസും ജനതാദളും തമ്മില്‍ യോജിച്ച് മത്സരിക്കേണ്ടതിന്റെ ആവശ്യം കര്‍ണാടകയില്‍ ഉരുത്തിരിഞ്ഞിരുന്നില്ല. രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും നാലല്ല. ജനതാദള്‍ സെക്യുലറും കോണ്‍ഗ്രസും രണ്ടു നയസമീപനങ്ങള്‍ ഉള്ള പാര്‍ട്ടികളാണ്. ജെഡിഎസും കോണ്‍ഗ്രസും അവരവരുടെ കൃത്യമായ നയസമീപനങ്ങളുടെ അടിസ്ഥാനത്തിലാണ് മത്സരിച്ച് വിജയിച്ചതും.

ഈ നയസമീപനങ്ങളുടെ അടിസ്ഥാനത്തിലുള്ള വോട്ട് സമാഹരണമാണ് അവര്‍ നടത്തിയത്. ജെഡിഎസും കോണ്‍ഗ്രസും യോജിച്ച് മത്സരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കിട്ടിയ 56 ശതമാനത്തേക്കാള്‍ വോട്ടു കൂടുതല്‍ കിട്ടും എന്ന് പക്ഷേ കരുതാം. മറിച്ചും സംഭവിക്കാം. രാഷ്ട്രീയത്തിലെ കണക്കുകൂട്ടലുകള്‍ അങ്ങിനെയാണ്.

ഒരു മുന്നണിയെ ജനങ്ങള്‍ ഏത് രീതിയില്‍ കാണുന്നു എന്നുള്ളത് പ്രധാനമാണ്. ഇത് വിജയിക്കാന്‍ കഴിയുന്ന മുന്നണിയാണ് എന്ന കണക്കുകൂട്ടലില്‍ വളരെ കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസ്-ജനതാദള്‍ മുന്നണിക്ക്‌ അനുകൂലമായി നീങ്ങാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഒറ്റയ്ക്ക് ഭരിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പരാജയം മുന്നില്‍ കണ്ടാണ്‌ ജനതാദളുമായി ചേര്‍ന്നു മത്സരിക്കുന്നത് എന്ന ധാരണയും ജനങ്ങള്‍ക്കിടയില്‍ രൂപപ്പെടാം. അത് ബിജെപിയ്ക്ക് അനുകൂലമായി വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല-എം.എ.ബേബി പറഞ്ഞു.

എം.എ.ബേബി ഇങ്ങിനെ പ്രതികരിക്കുമ്പോഴും കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങു തകര്‍ക്കുകയാണ്. കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് രണ്ടു എംഎല്‍എമാര്‍ ബിജെപി പാളയത്തിലേയ്ക്ക്‌ നീങ്ങിയതായാണ് കര്‍ണാടകയില്‍ നിന്നുള്ള വാര്‍ത്തകള്‍.

വിജയ നഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിംഗ് ആദ്യം ബിജെപിയ്‌ക്കൊപ്പം പോയപ്പോള്‍ രണ്ടാമത് പ്രതാപ് ഗൗഡ പാട്ടീലാണ് ബിജെപിക്ക്‌
ഒപ്പം ചേര്‍ന്നത്. ഇതില്‍ ആനന്ദ് സിംഗ് ബിജെപി പക്ഷത്ത് എത്തിയതായി പാര്‍ട്ടി വക്താവ് ഡികെ സുരേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. റെഡ്ഡി സഹോദരന്‍മാരുടെ അടുത്ത സുഹൃത്താണ് ആനന്ദ് സിംഗ്.

മാസ്‌കി മണ്ഡലത്തില്‍ നിന്നാണ് പ്രതാപ് ഗൗഡ വിജയിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ബിജെപി സ്വകാര്യ വിമാനത്തില്‍ രഹസ്യകേന്ദ്രത്തിലേയ്ക്ക്‌ മാറ്റിയെന്നാണ് കര്‍ണാടകയില്‍ നിന്നും ലഭിക്കുന്ന വിവരം.