ജര്‍മ്മന്‍ ഫാസിസ്റ്റ് ഭീകരത ലോകത്തിനു മുമ്പില്‍ തുറന്നു കാട്ടിയ ആന്‍ഫ്രാങ്കിന്റെ ഡയറിത്താളുകളില്‍ മറഞ്ഞിരുന്നത് എന്താണെന്ന് വെളിപ്പെടുത്തി ഗവേഷകര്‍. ഒരു കൗമാരക്കാരിയുടെ ലൈംഗിക കൗതുകങ്ങളാണ് മറഞ്ഞിരുന്ന ഈ പേജുകളില്‍ എന്ന് ഗവേഷകര്‍ പറയുന്നു. ബ്രൗണ്‍ നിറത്തിലുള്ള പേപ്പറുകള്‍ ഒട്ടിച്ചു മറച്ചിരുന്ന താളുകള്‍ക്കുള്ളില്‍ എഴുതിയിരുന്നത് ഡിജിറ്റല്‍ സാങ്കേതിക വിദ്യയുപയോഗിച്ച് വായിച്ചെടുക്കുകയായിരുന്നു. എന്നാല്‍ മറയ്ക്കപ്പെട്ട എല്ലാ പേജുകളും പൂര്‍ണമായും വായിച്ചെടുക്കുവാന്‍ ഗവേഷകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
1942 സെപ്റ്റംബര്‍ 28 നാണ് ആന്‍ ഈ പേജുകള്‍ എഴുതുന്നത്. രണ്ട് മാസത്തിനുശേഷം ആന്‍ തന്നെ ഈ പേജുകള്‍ മറയ്ക്കുകയായിരുന്നു എന്നാണ് നിഗമനം. ഇപ്പോള്‍ വായിച്ചെടുക്കാന്‍ കഴിഞ്ഞ പേജുകളില്‍ നാല് ലൈംഗിക ചുവയുള്ള തമാശകളും, 33 വരികളില്‍ ലൈംഗിക വിദ്യഭ്യാസത്തെ കുറിച്ചും പരാമര്‍ശമുണ്ടെന്ന് ആന്‍ ഫ്രാങ്ക് ഹൗസ് പറയുന്നു.
ആന്‍ ഫ്രാങ്ക് ലൈംഗികതയെ കുറിച്ച് തന്റേതായ രീതികളില്‍ എഴുതി. എല്ലാ കൗമാരക്കാരെയും പോലും ആനും ഈ വിഷയത്തില്‍ കൗതുകം കാണിച്ചു. മറ്റ് മറയ്ക്കപ്പെട്ട പേജുകളിലും ആന്‍ ലൈംഗികതയെകുറിച്ച് എഴുതിയിട്ടുണ്ടാകാം. പൊതു താല്പര്യവും ആക്കാദമിക താല്പര്യവും മുന്‍ നിര്‍ത്തിയാണ് ഡയറിയുടെ ഈ ഭാഗം കൂടി പുറത്തുവിടാന്‍ തങ്ങള്‍ തീരുമാനമെടുത്തതെന്ന് ആന്‍ ഫ്രാങ്ക് ഹൗസിന്റെ എക്സിക്യുട്ടീവ് റൊണാള്‍ഡ് ലിയോപോള്‍ഡ് പറഞ്ഞു. ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടിയെയും എഴുത്തുകാരിയെയും കൂടുതല്‍ അടുത്തറിയാന്‍ ഈ പേജുകള്‍ സഹായിച്ചെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നാസിയില്‍ നിന്ന് സംരക്ഷണം നേടാനായി ഒളിവില്‍ കഴിഞ്ഞിരുന്ന ആന്‍ തന്റെ മരണശേഷം പുറത്തിറങ്ങിയ പുസ്തകത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പുതുതായി കണ്ടെത്തിയ പേജുകള്‍ ആന്‍ ഫ്രാങ്ക് ഹൗസ് മ്യൂസിയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.