കോംഗോയിൽ എബോള വ്യാപിക്കുന്നു; രോഗബാധിതർ ആശുപത്രിയിൽ നിന്നു ചാടിപ്പോയി

0
53

കിൻഷാസ: മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള രോഗം വ്യാപിക്കുന്നു. രോഗം ബാധിച്ച മൂന്നു പേർ ആശുപത്രിയിൽ നിന്നു ചാടിപ്പോയി. എംബൻഡക നഗരത്തിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന മൂന്നു പേരാണു ചാടിപ്പോയത്. ഇവരെ പിന്നീടു പിടികൂടിയെങ്കിലും രണ്ടു പേർ മരിച്ചതായി അധികൃതർ അറിയിച്ചു.

മേയ് ആദ്യം വടക്കുപടിഞ്ഞാറൻ കോംഗോയിലാണ് ആദ്യം എബോള പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം ഒരു നഴ്സ് ഉൾപ്പെടെ ഇതുവരെ 27 പേർ മരിച്ചു. ആദ്യം രോഗം കണ്ടെത്തിയ 15 ലക്ഷത്തോളം ജനസംഖ്യയുള്ള, ജനം തിങ്ങിപ്പാർക്കുന്ന, എംബൻഡക നഗരത്തിൽ ഇതു പടരുകയാണെങ്കിൽ വൻ ദുരന്തത്തിലായിരിക്കും കലാശിക്കുക. അതിനിടെയാണു മൂന്നു പേർ ആശുപത്രിയിൽ നിന്നു ചാടിപ്പോയതും.

എബോള ബാധിച്ചവരുടെ ശരീരസ്രവങ്ങളിൽ നിന്നാണു രോഗം പകരുക. മൃതദേഹം സംസ്കരിക്കുന്ന ചടങ്ങുകൾക്കിടെയാണു പലപ്പോഴും ഇതു പടരുക പതിവ്. എബോള ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ തൊടരുതെന്നും രോഗത്തിനെതിരെ മുൻകരുതലെടുക്കണമെന്നുമുള്ള സന്ദേശങ്ങളാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. ഡബ്ല്യുഎച്ച്ഒ വികസിപ്പിച്ചെടുത്ത വാക്സിൻ ഇതാദ്യമായി കോംഗോയിൽ പരീക്ഷിക്കുന്നതും ഇത്തവണയാണ്.