ആഴ്ചകളായി റേഷനില്ല; ആദിവാസി ഊരുകള്‍ പട്ടിണിയില്‍

0
49

കേളകം: റേഷന്‍ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മലയോരത്തെ ആദിവാസി ഊരുകള്‍ മുഴു പട്ടിണിയില്‍. ഈ മാസം ആദ്യവാരം ലഭിക്കേണ്ട റേഷന്‍ ലഭിക്കാത്തതാണ് മലയോര മേഖലയിലെ ജനങ്ങള്‍ക്ക് തിരിച്ചടിയായത്. കടകള്‍ ഹൈടെക് ആക്കുകയും, ഇ- സ്വാപ്പ് മെഷീന്‍ മുഖേന റേഷന്‍ വിതരണം ആരംഭിക്കുകയും ചെയ്‌തെങ്കിലും ബിപിഎല്‍, ആദിവാസി വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട റേഷന്‍ ആഴ്ച്ചകളായി മുടങ്ങിയിരിക്കുകയാണ്. ഇരിട്ടി താലൂക്ക് സപ്ലെ ഓഫീസില്‍ നിന്നാണ് മലയോരത്തെ റേഷന്‍ കടകളിലേക്ക് അരി എത്തിക്കുന്നത്.

താലൂക്ക് ഒാഫീസുമായി ബന്ധപെടുമ്പോള്‍ ഈ മാസം ആദ്യം തന്നെ അരി വിഹിതത്തിനുള്ള പണം ബാങ്ക് മുഖേന അടച്ചെന്നും, ഉടന്‍ അയക്കാം എന്ന മറുപടിയുമാണ് ലഭിക്കുന്നതെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. മാസം അവസാനിക്കാന്‍ അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ അരി ലഭിച്ചില്ലെങ്കില്‍ ഈ മാസം ലഭിക്കേണ്ട റേഷന്‍ ലഭിക്കാതെ പോകുമെന്ന ആശങ്കയിലാണ് ആദിവാസികളും, ബിപിഎല്‍ കുടുംബങ്ങളും. നിത്യേന തൊഴിലിന് പോകാന്‍ കഴിയാത്ത രോഗികളായവരും വൃദ്ധരായവരുമാണ് ഏറെ ദുരിതമനുഭിക്കുന്നത്. ആദിവാസികള്‍ക്ക് അരി സൗജന്യമാണെങ്കിലും ഇവ റേഷന്‍ കടയില്‍ ലഭിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.