രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെ നല്‍കണം: കെ.പി.എ.മജീദ്‌

0
79

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: കേരളത്തില്‍ ഈ മാസം ഒഴിയുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ യുഡിഎഫിനു ലഭിക്കുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്‌ 24 കേരളയോടു പറഞ്ഞു.

ഒരു സീറ്റ് ലഭിക്കുമ്പോള്‍ അത് പ്രമുഖ കക്ഷിക്ക് എന്ന വാദം ശരിയല്ല. ഒഴിയുന്ന സീറ്റ് ആര് കൈവശം വെച്ചതാണ് എന്ന ചോദ്യമുണ്ട്. യുഡിഎഫിനു ലഭിക്കുന്ന സീറ്റ് കേരളാ കോണ്‍ഗ്രസിന്റേതാണ്. അപ്പോള്‍ ആ സീറ്റിനു അര്‍ഹത കേരളാ കോണ്‍ഗ്രസിന് തന്നെയാണ്. പക്ഷെ നിലവില്‍ കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമല്ലല്ലോ എന്ന ചോദ്യത്തിന്‌ അതുകൊണ്ടാണ്‌ ഈ കാര്യത്തില്‍ വിശദമായ ചര്‍ച്ച വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നതെന്നും കെ.പി.എ.മജീദ്‌ പറഞ്ഞു.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ച ആയിരിക്കെ യുഡിഎഫിനു ലഭിക്കുന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ പ്രതിസന്ധി സൃഷ്ടിക്കപ്പെടുകയാണ്. ഒരു സീറ്റും ഒട്ടേറെ നേതാക്കളും. ഇതാണ് കോണ്‍ഗ്രസ് നേരിടുന്ന അവസ്ഥ.

രാജ്യസഭാ എംപിയായിരുന്ന പി.ജെ.കുര്യനും ഈ സീറ്റിനായി കോണ്‍ഗ്രസില്‍ നിന്നും  രംഗത്തുണ്ട്. അപ്പോഴാണ്‌ തങ്ങളുടെ സീറ്റ് ആയതിനാല്‍ അത് തങ്ങള്‍ക്ക് തന്നെ
നല്‍കണം എന്ന ഉറച്ച വാദവുമായി കേരളാ കോണ്‍ഗ്രസും യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലിം ലീഗും രംഗത്ത് വരുന്നത്. ഇത് യുഡിഎഫിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യുദ്ധം പൊടിപാറുമ്പോള്‍ സാഹചര്യം
മുതലെടുത്ത്‌ സീറ്റ് കേരളാ കോണ്‍ഗ്രസ് കൊണ്ടുപോകുമോ എന്ന് ഒരു വിഭാഗം നേതാക്കള്‍ ആശങ്കപ്പെടുന്നുണ്ട്. ഒരൊറ്റ സീറ്റേ ഉള്ളൂ എന്നതിനാല്‍ അത്‌
യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിന് തന്നെ വേണം എന്നാണ് അവരുടെ
വാദം. ഈ വാദം പക്ഷെ കേരളാ കോണ്‍ഗ്രസ് തള്ളുകയാണ്. തങ്ങളുടെ സീറ്റായതിനാല്‍ തങ്ങള്‍ക്ക് തന്നെ വേണം എന്നാണ് കേരളാ കോണ്‍ഗ്രസിന്റെ നിലപാട്.

രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എംഎം ഹസ്സന്‍ എന്നിവരുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുകയാണ്. വൈകീട്ടാണ് കൂടിക്കാഴ്ച. കെഎം മാണിയുടെ മുന്നണി പ്രവേശനവും ചര്‍ച്ചയാകുന്ന ഈ കൂടിക്കാഴ്ചയില്‍ രാജ്യസഭാ സീറ്റും ചര്‍ച്ചയാകും.

കോണ്‍ഗ്രസിനോ അതോ കേരളാ കോണ്‍ഗ്രസിനോ എന്ന കാര്യത്തില്‍ തീരുമാനം ഇന്ന്‌ രാഹുല്‍ ഗാന്ധി കൈക്കൊള്ളും. കൂടിക്കാഴ്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയേയും കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എംപിയേയും രാഹുല്‍ ഗാന്ധി ക്ഷണിച്ചിട്ടുണ്ട്.