ലോകകപ്പിന് ഇനി 7 ദിനങ്ങൾ: ശാരീരിക ക്ഷമത വീണ്ടെടുക്കാൻ ഓസിൽ

0
46
KLAGENFURT, AUSTRIA - JUNE 02: Mesut Oezil of Germany look on during the international friendly match between Austria and Germany at Woerthersee Stadion on June 2, 2018 in Klagenfurt, Austria. (Photo by TF-Images/Getty Images)

പ്രതിഭ നിറഞ്ഞ താരങ്ങളാൽ സമ്പന്നമായ ജർമൻ നിരയിൽ ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള തത്രപ്പാടിൽ ആണ് മെസ്യൂട്ട് ഓസിൽ. ഓസ്ട്രിയയ്ക്ക്‌ എതിരെ നടന്ന പോരാട്ടത്തിനിടെ ഏറ്റ പരുക്കാണ്‌ വില്ലനായിരിക്കുന്നത്. സന്നാഹ മത്സരത്തിനിടെ താരത്തിന് കാൽമുട്ടിന് പരുക്കേറ്റിരുന്നു എന്നാണ് ജർമൻ ഫുട്ബോൾ ഫെഡറേഷൻ ഇപ്പോൾ പുറത്ത് വിടുന്ന വാർത്ത. ഈ സീസണിൽ ആഴ്‌സണലിന് ഒപ്പം കുറച്ച് മത്സരങ്ങൾ പരിക്ക് മൂലം ഇരുപത്തിയൊന്‍പതുകാരനായ ഓസിലിന് നഷ്ടപ്പെട്ടിരുന്നു.

ഓസ്ട്രിയയ്ക്ക്‌ എതിരെയുള്ള മത്സരത്തിന് ശേഷം ഒറ്റയ്ക്ക്‌ പരിശീലനം നടത്തുന്ന താരം വരാനിരിക്കുന്ന സൗദി അറേബ്യയുമായുള്ള സന്നാഹ മത്സരത്തിലും കളിക്കാൻ സാധ്യതയില്ല. പക്ഷെ ഈ ആഴ്ചയ്ക്കുള്ളില്‍ ശാരീരിക ക്ഷമത വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കില്‍ ഓസിലിന് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകാനും സാധ്യതയുണ്ട്. ജർമനിയുടെ പ്രധാന കളിക്കാരനായ മധ്യനിര താരം എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കും എന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.