ന്യൂഡല്‍ഹി: ലഫ്.ഗവര്‍ണറുടെ ഓഫീസിന് മുന്നില്‍ ഡല്‍ഹി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തിനിടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ ആശുപത്രിയിലേക്ക് മാറ്റി. സമരം എട്ടാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്.
സമരത്തില്‍ പങ്കെടുത്ത ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.
Manish Sisodia being shifted to hospital https://t.co/3LdQe3jG3z
— Arvind Kejriwal (@ArvindKejriwal) June 18, 2018
ഐഎഎസ് ഉദ്യോഗസ്ഥരുടെ ശീതമസരം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ലഫ്. ഗവര്‍ണര്‍ ബായ്ജാലിന്റെ ഓഫീസിന് മുന്നില്‍ മുഖ്യമന്ത്രിയും സംഘവും സത്യാഗ്രഹം തുടരുന്നത്.
ഇതിനിടെ, കേജ്രിവാളിന്റെ സമരത്തെ ഡല്‍ഹി ഹൈക്കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇത്തരമൊരു സമരം നടത്താന്‍ ആരാണ് അനുവാദം നല്‍കിയതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കേജ്രിവാളിന്റെ സമരത്തിനെതിരെ ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്.