കണ്ണൂര്‍: നിരവധി കവര്‍ച്ച കേസുകളിലെ പ്രതി ഉള്‍പ്പടെ രണ്ട് പേര് പൊലിസ് കസ്റ്റഡിയില്‍. കടയില്‍ നിന്ന് വാഹനങ്ങളുടെ ബാറ്ററികള്‍ മോഷ്ടിച്ച് കടത്തിയതിലാണ് നടുവില്‍ പുലി കുരുമ്പിയിലെ എന്‍.വി സന്തോഷ് എന്ന തുരപ്പന്‍ സന്തോഷ് (38), കൂട്ടാളി കീഴ്പള്ളിയിലെ പി.വി ജോഷി (43) എന്നിവരെ മട്ടന്നൂര്‍ സി.ഐ ജോഷി ജോസും എസ്.ഐ ശിവന് ചോടോത്തും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ ഇരിട്ടി റോഡില്‍ കോടതിക്ക് സമീപത്തെ കീര്‍ത്തി ഇലക്ട്രിക്സ് കുത്തിതുറന്ന് വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബാറ്ററിയാണ് സംഘം മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
അറസ്റ്റിലായ ഇവര്‍ ഈ മാസം 12 ന് പുലര്‍ച്ചെ ചെറുപുഴ ചുണ്ടയിലെ രവീന്ദ്രന്റെ മലഞ്ചരക്ക് കട കുത്തിതുറന്ന് ആറ് ക്വിന്റല്‍ അടയ്ക്കയും, 19ന് പാടിയോട്ടുചാലിലെ കുര്യാക്കോസിന്റെ കുന്നത്തറ ട്രേഡേര്‍സ് കുത്തിത്തുറന്ന് പത്ത് ചാക്ക് കുരുമുളകും മോഷ്ടിച്ചിരുന്നു. കവര്‍ച്ചാ മുതല്‍ ചുവന്ന ഓട്ടോടാക്സി(വെള്ളിമൂങ്ങ) യില്‍ കടത്തുന്ന നിരീക്ഷണ ക്യാമറ ദൃശ്യം ചെറുപുഴ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും നല്‍കിയിരുന്നു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.