അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ രാജിവയ്ക്കണമെന്നും പകരം ഹോളിവുഡ് സിനിമാ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനിനെ പ്രസിഡന്റായി നിയമിക്കണമെന്നും പ്രശസ്ത എഴുത്തുകാരന് എന്‍.എസ്.മാധവന്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘടന പുറത്താക്കുകയും ഇപ്പോള്‍ തിരിച്ചെടുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് എന്‍.എസ്.മാധവന് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ലൈംഗികാതിക്രമ കേസില്‍ ശിക്ഷ അനുഭവിക്കുന്ന വ്യക്തിയാണ് ഹോളിവുഡ് സിനിമാ നിര്‍മാതാവായ ഹാര്‍വി വെയ്ന്സ്റ്റീന്. നൂറിലധികം നടിമാരാണ് വെയിന്‍സ്റ്റീനിനെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നത്.
മോഹന്‍ലാല്‍ പ്രസിഡന്റായ അമ്മയുടെ പുതിയ എക്സിക്യൂട്ടീവ് ബോഡി കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. തുടര്‍ന്ന് നടന്ന യോഗത്തിലായിരുന്നു ദിലീപിനെ തിരിച്ചെടുക്കാനുള്ള സംഘടനയുടെ തീരുമാനം.