ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് അമേരിക്ക പിന്മാറി; നിര്‍മല സീതാരാമനുള്ള ക്ഷണം നിരസിച്ച് ഇന്ത്യ

0
43

ന്യൂഡല്‍ഹി: ഇന്ത്യയുമായി നടത്താനിരുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്നും അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുള്ള ക്ഷണം ഇന്ത്യ നിരസിച്ചു. വാഷിംഗ്ടണില്‍ ജൂലൈ ആദ്യവാരം എത്തിച്ചേരാണ് നിര്‍മല സീതാരാമന് ക്ഷണം ലഭിച്ചിരുന്നത്.

ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം അതിലെ പ്രധാന അജണ്ടകള്‍ അമേരിക്കയുടെ പ്രതിരോധ വകുപ്പ് സെക്രട്ടറി ജയിംസ് മാറ്റിസുമായി ജൂലൈ ആറാം തീയതി നിര്‍മല സീതാരാമന്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. പ്രതിരോധ വിഷയങ്ങളാണ് ചര്‍ച്ചയുടെ പ്രധാന അജണ്ട. എന്നാല്‍, ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്നും അമേരിക്ക പിന്മാറിയതോടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തി ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യ ക്ഷണം നിരസിച്ചത്.

ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് ആര്‍ പോംപിയോ ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്നും തല്‍ക്കാലം പിന്മാറുന്നതായി അറിയിച്ചത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും ചര്‍ച്ചയില്‍ പങ്കെടുക്കാനായി അമേരിക്കയില്‍ പോകാനിരിക്കെയാണ് ചര്‍ച്ചയില്‍ നിന്നും തല്‍ക്കാലം പിന്മാറുന്നതായി അമേരിക്ക അറിയിച്ചത്.