കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍ ലയന നീക്കമില്ല; ആളില്ലാത്തവന്മാരെ ഒന്നും ചുമക്കേണ്ട കാര്യം എനിക്കില്ല. പി.സി.ജോര്‍ജ്

0
85

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍ ഒരു ലയന നീക്കവുമില്ലെന്നു കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി.സി.ജോര്‍ജ് 24 കേരളയോടു പറഞ്ഞു.
ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കേരളാ കോണ്‍ഗ്രസുകളോട് മുന്നണി പ്രവേശനത്തിന്റെ ഭാഗമായി പരസ്പരം ലയിക്കാന്‍ സിപിഎം നിര്‍ദ്ദേശം വന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു പി.സി.ജോര്‍ജ്.

കേരളാ കോണ്‍ഗ്രസ് ലയന നീക്കം ആരുമായി ചര്‍ച്ച തന്നെ നടത്തിയിട്ടില്ല. ഈ ഘട്ടത്തില്‍ അങ്ങിനെ ഒരു ചര്‍ച്ച നടത്തേണ്ട ആവശ്യം തന്നെയില്ല. അതുകൊണ്ട് തന്നെ ഈ കാര്യവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ല. ഈ ചര്‍ച്ചയില്‍ എന്നെ കൂട്ടേണ്ട ഒരു ആവശ്യവുമില്ല. ഞാന്‍ ഉള്‍പ്പെടാത്ത കാര്യമായതിനാല്‍ ഈ കാര്യത്തില്‍ ഞാന്‍ അഭിപ്രായം പറയേണ്ട കാര്യമില്ല.

ആളില്ലാത്തവന്മാരെ ഒന്നും ചുമക്കേണ്ട കാര്യം എനിക്കില്ല. ഇടതുമുന്നണിയില്‍ ഇല്ലാത്ത കക്ഷിയാണ് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍. ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് എന്നോടു ആരും തന്നെ കേരളാ കോണ്‍ഗ്രസ് തമ്മിലുള്ള ലയനം ചര്‍ച്ച ചെയ്തിട്ടില്ല. ഈ കാര്യത്തില്‍ സംസാരിക്കാന്‍ ഞാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല-പി.സി.ജോര്‍ജ് പറയുന്നു.

കേരളാ കോണ്‍ഗ്രസുകളെ ഒരുമിപ്പിക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന നിലപാടില്‍ കേരളത്തിലെ കേരളാ കോണ്‍ഗ്രസുകള്‍ എത്തി നില്‍ക്കെ വിരുദ്ധ അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിനാണ് പി.സി. ജോര്‍ജ് ഈ മറുപടി നല്‍കിയത്. അഭിപ്രായ ഭിന്നതകളും വേറിട്ട സ്വത്വങ്ങളുമായി വിഘടിച്ച് മാറി നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസുകളെ ലയിപ്പിക്കാന്‍ ഒരു നീക്കവും നിലവിലില്ലെന്നും വിവിധ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ 24 കേരളയോടു വ്യക്തമാക്കിയിരുന്നു.

പ്രായോഗികമല്ലാത്ത, സാധ്യമല്ലാത്ത ഒരു നീക്കത്തിനു സിപിഎം തയ്യാറാകുമോ എന്നാണ് ഈ ഘട്ടത്തില്‍ ചോദ്യം ഉയരുന്നത്. ആര്‍.ബാലകൃഷ്ണപിള്ള പി.സി.ജോര്‍ജിനെ അംഗീകരിക്കുമോ? ഫ്രാന്‍സിസ് ജോര്‍ജും പി.സി.ജോര്‍ജും ഒരുമിച്ച് നില്‍ക്കുമോ എന്നെല്ലാം ഒട്ടുവളരെ ചോദ്യങ്ങള്‍ ആണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.

ഓരോ കേരളാ കോണ്‍ഗ്രസിനും ഒരു രാഷ്ട്രീയ സ്വത്വമുണ്ട്. താത്പര്യങ്ങളുമുണ്ട്. ഇവയ്ക്ക് മേല്‍ വിള്ളല്‍ വീഴുമ്പോഴാണ് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ മാതൃപാര്‍ട്ടിയില്‍ നിന്നും അകന്നു മാറി സ്വതന്ത്രമായ പാത തിരഞ്ഞെടുക്കുന്നത്. ഈ അഭിപ്രായഭിന്നതകള്‍ അതേപടി നിലനില്‍ക്കുമ്പോള്‍ എങ്ങിനെ ലയനം സാധ്യമാകും. അങ്ങിനെ ഒരു ലയനം സാധ്യമെങ്കില്‍ അടര്‍ന്നു മാറേണ്ട ആവശ്യം തന്നെ വരില്ലായിരുന്നു- കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം ഇങ്ങിനെ പോകുന്നു.

രാഷ്ട്രീയ ഐഡന്റിറ്റി മുന്നില്‍ നില്‍ക്കെ ഇത് ബലികഴിച്ച് കൊണ്ട് എങ്ങിനെ മുന്നോട്ട് നീങ്ങാന്‍ കഴിയും-കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ആരായുന്നു. ഇടതുമുന്നണിയില്‍ നിന്ന് കേരളാ കോണ്‍ഗ്രസുകള്‍ക്കോ മറ്റ് കക്ഷികള്‍ക്കോ ഇങ്ങിനെയൊരു നിര്‍ദ്ദേശം വന്നിട്ടില്ല. അപ്പോള്‍ ലയനം എന്ന കാര്യം മുന്നില്‍ തന്നെയില്ല.

ആര്‍.ബാലകൃഷ്ണപിള്ളയുടെ കേരളാ കോണ്‍ഗ്രസും പി.സി.ജോര്‍ജിന്റെ സെക്യുലര്‍ കേരളാ കോണ്‍ഗ്രസും ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസുമൊക്കെ തമ്മില്‍ തമ്മില്‍ ലയിക്കുക അസാധ്യമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കേരളാകോണ്‍ഗ്രസുകളെ ഒറ്റപ്പാര്‍ട്ടിയാക്കാന്‍ സിപിഎം നീക്കം നടത്തുന്നു എന്നാണ് വാര്‍ത്ത വന്നത്. എല്‍ഡിഎഫ് ഘടക കക്ഷിയായ സ്കറിയാ തോമസ്, മുന്നണിക്കു പുറത്തുനിന്ന് സഹകരിക്കുന്ന കേരളകോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവയോടാണ് പരസ്പരം ലയിക്കാന്‍ സിപിഎം ആവശ്യപ്പെട്ടത് എന്നായിരുന്നു വാര്‍ത്ത. ഈ വാര്‍ത്തയാണ് ഇപ്പോള്‍ പി.സി.ജോര്‍ജ് അടക്കമുള്ള കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിക്കളയുന്നത്.