ഗോറിദ്വീപ്: അടിമ വ്യാപാരം കൊണ്ട് പ്രശസ്തി ആർജ്ജിച്ച ദ്വീപ്

0
93

രവീന്ദ്രന്‍ വയനാട്‌

മനുഷ്യസമൂഹങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് ഗോറിദ്വീപ് എന്നത് അസാമാന്യമായ ഒരു സാക്ഷ്യമായിട്ടാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത് – ഒരു കാലത്ത് അടിമവ്യാപരം എന്ന നിലയ്ക്ക് പ്രശസ്തി ആർജിച്ച ഭൂപ്രദേശമാണ് ഇത്. ആഫ്രിക്കൻ രാജ്യങ്ങളിലെ തന്നെ ഏറ്റവും വലിയ അടിമവ്യാപര കേന്ദ്രമായി പരിണമിക്കുകയും കൂടി ചെയ്തു. പതിനഞ്ചാംനൂറ്റാണ്ടു മുതൽ – പത്തൊൻപതാം നൂറ്റാണ്ടുവരെയുള്ള ഗോറി ചരിത്രം ഒരു നേർസാക്ഷ്യം കൂടിയാണ്. സെനഗലിന്റെ തലസ്ഥാനമായ ഡാക്കറിൽ നിന്ന് 2 മൈൽ അകലെസ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഭൂപ്രദേശമാണ് ഗോറി. 45 എക്കർ വിസ്തിർണ്ണത്തിൽ 600 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു ചെറിയ ദ്വീപ്.

അടിമവ്യാപരം കുത്തകയാക്കുന്നതിനു വേണ്ടി യൂറോപ്യൻ രാജ്യങ്ങൾ പരസ്പരം മത്സരിച്ച ഒരു കേന്ദ്രം കൂടിയാണിത്. പോർച്ചുഗീസുകാർ, ഡച്ചുകാർ ,ഇംഗ്ലിഷുകാർ, ഫ്രഞ്ചുകാർ എന്നിവർ പല കാലഘട്ടത്തിലായി ഈ ദ്വീപിന്റെ നിയന്ത്രണം എറ്റെടുത്തിട്ടുണ്ട്. 1444-ൽ പോർച്ചുഗീസ് പര്യവേഷകനായ സര്‍ സിയാസ് ആണ് ആദ്യമായി ഇവിടെ എത്തിയ യുറോപ്യൻ. അതിന് മുമ്പ് ചില രേഖകൾ അനുസരിച്ച് കിഴക്കൻ ആഫ്രിക്കൻ വംശജരായ മത്സ്യതെഴിലാളികൾ ആണ് ഇവിടെയുണ്ടായിരുന്നത് എന്ന് അനുമാനിക്കുന്നു. അറ്റ്ലാന്റിക്ക് സമുദ്രത്തിലെ തന്നെ തന്ത്രപ്രധാനമായ ഒരു ഇടമായി ആണ് ഇതിനെ കണക്കാക്കിയിരുന്നത്. പോർച്ചുഗീസുകാർ ആണ് ഇതിന്റെ നിയന്ത്രണം ആദ്യമായി എറ്റെടുത്തത്.
അവർ ഇവിടെ താമസിക്കുകയും ചെയ്തിരുന്നു. ഒരു ആഫ്രിക്കൻ ഭൂപ്രദേശത്ത് യൂറോപ്യൻമാർ ആദ്യമായി സ്ഥിരതാമസമാക്കിയ പ്രദേശങ്ങളിൽ ഒന്നായിരുന്നു ഗോറി.

1444- മുതൽ 1588 വരെ പോർച്ചുഗീസുകാരും, 1588 മുതൽ 1624 വരെ ഡച്ചുകാരും, 1624 മുതൽ 1677 വരെ ഇംഗ്ലിഷുകാരും, 1667- മുതൽ 1758 വരെ ഫ്രഞ്ചുകാരും, 1758 മുതൽ 1763 വരെ ബ്രിട്ടിഷുകാരും അതിനു ശേഷം 1763- മുതൽ 1960 വരെ ഫ്രഞ്ചുകാരുടേയും അധീനത്തിൽ ആയിരുന്നു ഈ ദ്വീപ്. ഇപ്പോൾ ഇത് സെനഗൽ ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ ആണ്. നിരവധി യുദ്ധങ്ങൾക്കും കൈയേറ്റങ്ങൾക്കും സാക്ഷി കൂടിയാണ് ഈ ഭൂപ്രദേശം. 1563 മുതൽ ആണ് ഇവിടെ അടിമവ്യാപാരം ആരംഭിച്ചത്. കറുത്തവരായ ആളുകളെ അടിമകളാക്കി ഇവിടെ നിന്ന് പലർക്കും ലേലത്തിൽ വിൽക്കുന്ന- മനുഷ്യ മന:സാക്ഷിക്ക് പോലും നിരക്കാത്ത പ്രവണതയായിരുന്നു ഇത്. അതിനു വേണ്ടി ആഫ്രിക്കയിലെ തന്നെ പലയിടങ്ങളിൽ നിന്നുമായി ആളുകളെ ഇവിടേയ്ക്ക് എത്തിച്ചിരുന്നു.

1807 -ൽ ബ്രിട്ടനിൽ തന്നെ അടിമവ്യാപാരം നിരോധിച്ചിരുന്നു. ബ്രിട്ടനുമായി തന്റെ നല്ല ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി -നെപ്പോളിയൻ ഗോറി ദ്വീപിലെ അടിമവ്യപാരം നിർത്തലാക്കുകയാണ് ചെയ്തത്. 1815-ൽ ഫ്രഞ്ച് ഭരണാധികാരികൾ ഇവിടെ അടിമവ്യാപരം നിരോധിക്കുന്നതു വരെ ഈ കാലയളവിൽ തന്നെ 20 ലക്ഷത്തോളം പേരെ ഇവിടെ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് കയറ്റി അയച്ചിട്ടുണ്ട്. മിക്ക അടിമകളേയും വിറ്റിരുന്നത് ഒരു പുതിയ ലോകം സൃഷ്ടിക്കുക എന്ന കൊളോണിയൻ അധിനിവേശക്കാരുടെ ന്യായത്തിന്റെ ഭാഗമായിട്ടായിരുന്നു. തെക്കേ അമേരിക്ക ,കരീബിയ, വടക്കേഅമേരിക്ക എന്നിവിടങ്ങളിലേയ്ക്ക് മനുഷ്യനെ വില്പന ചരക്കാക്കി കയറ്റുമതി ചെയ്തിരുന്നത് ഇവിടെ നിന്നുമായിരുന്നു.

ഇവിടെ താമസിച്ചിരുന്ന അടിമകളുടെ ജീവിത സാഹചര്യം വളരെ ശോചനീയമായിരുന്നു. വളരെ ചെറിയ മുറികളിൽ ആയിരുന്നു പലരേയും പാർപ്പിച്ചിരുന്നത്. ഹൗസ് ഓഫ് സ്ലേവ്സ് എന്ന പേരിൽ ഒരു പാട് ഭവനങ്ങൾ ഇവിടെ 1777-ൽ നിർമ്മിക്കുകയുണ്ടായി. ദിവസത്തിൽ ഒരു നേരം മാത്രമാണ് ഇവർക്ക് ഭക്ഷണം നൽകുക. രോഗങ്ങൾക്ക് അടിമപ്പെട്ടവർക്ക് യാതൊരുവിധ ചികിത്സ സഹായങ്ങളും നല്കിയിരുന്നില്ല. പലപ്പോഴും നാണം മറയ്ക്കുന്നതിന് വേണ്ടി മാത്രം ഒരു തുണി കഷ്ണം നൽകിയിരുന്നു.  കുഞ്ഞുങ്ങളെ അവരുടെ അമ്മമാരോടൊപ്പം താമസിപ്പിച്ചിരുന്നില്ല. ലേലത്തിന് വിൽക്കുമ്പോൾ മാത്രം മാന്യമായ വസ്ത്രങ്ങൾ ധരിപ്പിച്ചിരുന്നു. ആദ്യ കാലഘട്ടത്തിൽ അതും ഉണ്ടായിരുന്നില്ല. ഇരയെ എന്നും ചങ്ങലകൾ കൊണ്ടു ബന്ധിപ്പിച്ചിരുന്നു.

മിക്ക സമയങ്ങളിലും അടിമവ്യവസായ നിരോധനത്തിനു ശേഷം ഇവിടെ നല്ലൊരു തുറമുഖ വ്യവസായ കേന്ദ്രമായി പ്രവർത്തനം തുടർന്നിട്ടുണ്ട്. ഇന്ത്യ, ബ്രസിൽ, മെക്സിക്കോ എന്നിവിടങ്ങളിലേയ്ക്കു ള്ള പ്രധാന വ്യാപാര തുറമുഖമായും മറ്റും ഇവിടം പ്രവർത്തിച്ചിട്ടുണ്ട്. 1960-ൽ ഫ്രാൻസിൽ നിന്ന് സ്വാതന്ത്രമായ റിപ്പബ്ലിക്ക് ഓഫ് സെനഗലിന്റെ ഭാഗമായി ഗോറിയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. 1970 ൽ സെനഗൽ ഗവൺമെന്റിന്റെ പ്രവർത്തന ഫലമായി ദ്വീപിലെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിച്ചു നില നിർത്തി വരുന്നു. ലോക പൈതൃക കേന്ദ്രങ്ങളിൽ ഒരിടം കൂടിയാണ് ഗോറി.