വിംബിള്‍ഡണ്‍: നദാലും ജോകോവിച്ചും സെമിഫൈനലില്‍

0
33

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാംപ്യനായ സ്വിറ്റ്സര്‍ലാന്‍ഡിന്റെ സൂപ്പര്‍താരം റോജര്‍ ഫെഡററിന് അട്ടിമറി തോല്‍വി. എട്ട് തവണ വിംബിള്‍ഡണ്‍ കിരീടം ഉയര്‍ത്തിയ ടൂര്‍ണമെന്റിലെ ഒന്നാം സീഡായ ഫെഡററിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എട്ടാം സീഡായ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സനാണ് ഞെട്ടിച്ചത്.

ഒന്നാംസെറ്റില്‍ ആന്‍ഡേഴ്സനെ നിഷ്പ്രഭമാക്കിയതിനു ശേഷമായിരുന്നു നിലവിലെ ലോക രണ്ടാം നമ്ബര്‍ കൂടിയായ ഫെഡറര്‍ തോല്‍വിയിലേക്ക് വീണത്. ഒന്നാം സെറ്റിനു പിന്നാലെ രണ്ടാം സെറ്റും പോരാട്ടവീര്യത്തില്‍ സ്വന്തമാക്കിയ ഫെഡറര്‍ പിന്നീടുള്ള മൂന്ന് സെറ്റുകള്‍ കൈവിടുകയായിരുന്നു. ആവേശകരമായ മല്‍സരം നാല് മണിക്കൂറും 13 മിനിറ്റു നീണ്ടുനിന്നു. സ്കോര്‍: 2-6, 6-7 (5-7), 7-5, 6-4, 13-11.

അതേസമയം, ലോക ഒന്നാം നമ്ബര്‍ സ്പാനിഷ് സൂപ്പര്‍താരം റാഫേല്‍ നദാലും 12ാം സീഡായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ചും പുരുഷ വിഭാഗം സിംഗിള്‍സ് സെമിഫൈനലില്‍ പ്രവേശിച്ചു. മുന്‍ ചാംപ്യനും രണ്ടാം സീഡുമായ നദാല്‍ എട്ടാം സീഡായ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോര്‍ട്ടോയെയാണ് പരാജയപ്പെടുത്തിയത്. അഞ്ച് സെറ്റുകള്‍ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു നദാലിന്റെ വിജയം. സ്കോര്‍: 7-5, 6-7 (7-9), 4-6, 6-4, 6-4.

എന്നാല്‍, 24ാം സീഡായ ജപ്പാന്റെ കെയ് നിഷിങ്കോരിയെയാണ് മുന്‍ ചാംപ്യനായ ജോകോവിച്ച്‌ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 3-6, 6-2, 6-2. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കയുടെ ഒമ്ബതാം സീഡായ ജോണ്‍ ഇസ്നര്‍ 13ാം സീഡായ കാനഡയുടെ മിലോസ് റഹോനിക്കിനെ തോല്‍പ്പിച്ചു. സ്കോര്‍: 6-7 (5-7), 7-6 (9-7), 6-4, 6-3.

സെമിഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ റാഫേല്‍ നദാലും നൊവാക് ജോകോവിച്ചും ഏറ്റുമുട്ടും. വെള്ളിയാഴ്ചയാണ് ഈ ക്ലാസിക്ക് സെമി പോരാട്ടം അരങ്ങേറുന്നത്. മറ്റൊരു സെമിഫൈനലില്‍ കെവിന്‍ ആന്‍ഡേഴ്സന്‍ ജോണ്‍ ഇസ്നറിനെയും നേരിടും.