അഭിമന്യു വധം ; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ പൊലീസ് റെയ്‍ഡ്

0
53

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് സംഘം റെയ്ഡ് നടത്തി. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വാഴക്കാട് എളമരത്തുള്ള വീട്ടില്‍ പരിശോധന നടത്തിയത്. വാഴക്കാട് പോലീസും സ്പെഷ്യല്‍ ബ്രാഞ്ചുമാണ് ഇന്ന് രാവിലെ വീട്ടിലെത്തി മൂന്ന് മണിക്കൂറോളം പരിശോധന നടത്തിയത്. വീടിനടുത്തുള്ള ഒരു ക്വാര്‍ട്ടേന്‍ഴ്സും പരിശോധിച്ചു. കാര്യമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം അഭിമന്യു വധക്കേസില്‍ പ്രധാന പ്രതികളെ പിടികൂടാനാകാതെ പൊലീസ് പരക്കം പായുകയാണ്. ഇവര്‍ എവിടെപ്പോയ് ഒളിച്ചെന്നറിയാന്‍ 16 എസ്.ഡി.പി.ഐ -പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. കേസില്‍ യു.എ.പി.എ ചുമത്തുന്നത് പരിഗണനയിലുണ്ടെന്ന് ഡിജിപിയും അറിയിച്ചു.എറണാകുളം റൂറല്‍ പൊലീസിന്‍റെ പരിധിയിലുളള ആലുവ, പെരുന്പാവൂര്‍ മേഖലകളിലുളള എസ്.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് ചോദ്യം ചെയ്യുന്നത്. സംഭവം നടന്ന് 12 ദിവസമായിട്ടും കൊലയാളിയും മുഖ്യസൂത്രധാരനുമടക്കം കൃത്യത്തില്‍ പങ്കെടുത്തവര്‍ എവിടെയെന്ന് പൊലീസിന് യാതൊരു ഊഹവുമില്ല. ബാഹ്യ സഹായം ഇല്ലാതെ ഇത്രയും ദിവസം ഇവര്‍‍ക്ക് ഒളിവില്‍ ഇരിക്കാന്‍ കഴിയില്ലെന്നാണ് കണക്കുകൂട്ടല്‍.കേസില്‍ ഇതുവരെ 11 എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എറണാകുളം വെണ്ണല സ്വദേശി അനൂപ്, തോപ്പുംപടി കരുവേലിപ്പടി സ്വദേശി നിസാര്‍ എന്നിവരെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.