അ​ഭി​മ​ന്യു​ വധം: അന്വേഷണം ശരിയായ ദിശയില്‍; മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാകും: ജി. സുധാകരന്‍

0
33

തിരുവനന്തപുരം: അഭിമന്യു വധക്കേസിലെ മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് മന്ത്രി ജി.സുധാകരന്‍. അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളല്ല കുറ്റക്കാര്‍ എന്ന എസ്ഡിപിഐ നിലപാട് സ്വാഭാവികമാണെന്നു പറഞ്ഞ സുധാകരന്‍ പ്രതികളായവര്‍ ആരും തങ്ങള്‍ പ്രതികളാണ് എന്ന് സമ്മതിക്കാറില്ലെന്നും കൂട്ടിച്ചേര്‍ത്തു.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐക്കു പങ്കില്ലെന്നു സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി, ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എന്നിവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അറസ്റ്റിലായവർ എസ്ഡിപിഐ അംഗങ്ങളല്ല, അനുഭാവികളാകാം. പാർട്ടി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിനെതിരെ രംഗത്തിറങ്ങുന്നവരെയും അവരുടെ താൽപര്യങ്ങളെയും തുറന്നുകാട്ടാൻ 20 മുതൽ സമ്പർക്ക സദസ്, വാഹനപ്രചാരണ ജാഥ, കുടുംബ സംഗമം എന്നിവ നടത്താൻ സംസ്ഥാന സമിതി യോഗം തീരുമാനിച്ചതായും ഭാരവാഹികൾ പറഞ്ഞു.

അതിനിടെ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നാലു പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍കൂടി അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്ത വെണ്ണല സ്വദേശി അനൂപ്, പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറിന്റെ ഉടമ നിസാർ കരുവേലിപ്പടി എന്നിവരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ഷാജഹാന്‍, ഷിറാസ് സലിം എന്നീ രണ്ടു പ്രതികള്‍ ആലപ്പുഴയില്‍ അറസ്റ്റിലായിരുന്നു.