തദ്ദേശ സ്ഥാപനങ്ങളില്‍ സി.പി.എം എസ്.ഡി.പിഐയുമായി ഭരണം പങ്കിട്ടാല്‍ ശക്തമായ നടപടിയെന്ന് കോടിയേരി

0
32

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ സി.പി.എം. എസ്.ഡി.പിഐയുമായി ഭരണം പങ്കിട്ടാല്‍ ശക്തമായ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇനി ഒരിടത്തും എസ്.ഡി.പി.ഐയുമായി മുന്നണി ഉണ്ടാക്കില്ല.

ആര്‍.എസ്.എസിന്റേയും എസ്.ഡി.പി.ഐയുടേയും പിന്തുണയോടെ ഭരണം നടത്തേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനിയിലെഴുതിയ പ്രതിവാര പംക്തിയിലാണ് കോടിയേരിയുടെ പരാമര്‍ശം.

അതിനിടെ കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി മുന്‍സിപ്പാലിറ്റിയും, പരിയാരം പഞ്ചായത്തും എസ്ഡിപിഐയുടെ പിന്തുണയോടെയാണ് സി.പി.എം ഭരിക്കുന്നത് എന്ന ലീഗ് നേതൃത്വത്തിന്റെ പ്രചരണം ശുദ്ധ അസംബന്ധമാണെന്ന്  സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ വ്യക്തമാക്കി. പ്രസ്താവനയിലൂടെയാണ് സെക്രട്ടേറിയറ്റ് നിലപാട് വ്യക്തമാക്കിയത്‌.

ഇരിട്ടി നഗരസഭയില്‍ ആകെ 33 സീറ്റുകളാണുള്ളത്. അതില്‍ 30 സീറ്റുകളില്‍ സി.പി. എമ്മും 3 സീറ്റുകളില്‍ സിപിഐയുമാണ് മത്സരിച്ചിരുന്നത്. 13 സീറ്റുകളില്‍ സിപിഎം വിജയിച്ചു. മുസ്ലീം ലീഗ് 10 സീറ്റിലും കോണ്‍ഗ്രസ് 5 സീറ്റിലും ബിജെപി 5 സീറ്റിലുമാണ് വിജയിച്ചത്. തുടര്‍ന്ന് നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ചെയര്‍മാന് 13 വോട്ടുകളാണ് ലഭിച്ചത്.

കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ മുസ്ലീം ലീഗിലെ ചില അംഗങ്ങള്‍ വിട്ടുനിന്നതിനെത്തുടര്‍ന്നാണ് പി.പി അശോകന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ എസ്.ഡി.പി.ഐക്ക് കൗണ്‍സിലര്‍മാരെയില്ല- പ്രസ്താവനയില്‍ പറയുന്നു.