കൊച്ചി: മാത്യു ടി.തോമസിനെ മന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് വരുന്നതിനിടെ ജനതാദള്‍ (എസ്) സംസ്ഥാന നേതൃയോഗത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. രണ്ടുദിവസങ്ങളിലായി ചേരുന്ന യോഗത്തില്‍ മാത്യു.ടി.തോമസ് മന്ത്രിസ്ഥാനം ഒഴിയണമെന്ന ആവശ്യം ഉയരുമെന്നാണ് സൂചന.
ദേശീയ സെക്രട്ടറി ഡാനിഷ് അലിയുടെ സാന്നിധ്യത്തില്‍ രണ്ടുദിവസങ്ങളിലായി സംസ്ഥാന സെക്രട്ടേറിയറ്റ്, നിര്‍വാഹകസമിതി, ജനറല്‍ കൗണ്‍സില്‍ യോഗങ്ങളാണ് കൊച്ചിയില്‍ നടക്കുക. സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടിക്കൊപ്പം നില്‍ക്കുന്നവരാണ് മാത്യു.ടി.തോമസിനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്. മുതിര്‍ന്ന നേതാവ് സി.കെ.നാണുവിന്റെ പിന്തുണയും ഇവര്‍ അവകാശപ്പെടുന്നു.
പിണറായി സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം തനിക്ക് അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി കൃഷ്ണന്‍കുട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡയെ നേരത്തെ സമീപിച്ചിരുന്നു. മന്ത്രിസഭാ രൂപീകരണ വേളയില്‍ നിയമസഭാകക്ഷിയിലും പാര്‍ട്ടിയിലും തനിക്കായിരുന്നു ഭൂരിപക്ഷമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.