ജേക്കബ് തോമസിന് സര്‍ക്കാര്‍ നല്‍കിയത് നിയമവിരുദ്ധ സംരക്ഷണം; പുതുശ്ശേരിക്ക് ലഭിച്ച രേഖകള്‍ സ്വയം സംസാരിക്കുന്നു 

0
250

 എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: എഡിജിപിയായിരിക്കെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകനാകുകയും പ്രതിഫലം പറ്റുകയും ചെയ്തതില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രം പലതവണ കേരളത്തിനു കത്ത് നല്‍കി.  ജേക്കബ് തോമസ്‌ കൊല്ലം ടി.കെ.എം.എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനാകുകയും പ്രതിഫലം പറ്റുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിക്ക് കേന്ദ്രം പലതവണ നിര്‍ദ്ദേശം നല്‍കിയത്.

എല്ലാ കേന്ദ്ര നിര്‍ദ്ദേശങ്ങളും പൂഴ്ത്തി വെച്ച സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിനെതിരായ എല്ലാ നടപടികളും തടഞ്ഞു വെച്ചു. നളിനി നെറ്റോ ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ആയ കാലത്താണ് രേഖകള്‍ പൂഴ്ത്തപ്പെട്ടത്. ജേക്കബ് തോമസ്‌  പ്രശ്നത്തില്‍ കേരളാ സര്‍ക്കാര്‍ പൂഴ്ത്തിയ രേഖകള്‍ തേടി വിവരാവകാശ കമ്മിഷന്‍ ആയുധമാക്കി കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം ജോസഫ് എം പുതുശ്ശേരി നടത്തിയ യുദ്ധത്തിലാണ് രേഖകള്‍ ഒടുവില്‍ വെളിയില്‍ വന്നത്.
മുഖ്യ വിവരാവാകാശ കമ്മിഷണര്‍ വിന്‍സെന്റ് എം പോളിന്റെ   ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ ഇതുമായി ബന്ധപ്പെട്ട  സകല രേഖകളും സര്‍ക്കാര്‍ പുതുശ്ശേരിയ്ക്ക് നല്‍കിയത്.

ജേക്കബ് തോമസിനെതിരെ സത്യന്‍ നരവൂര്‍ നടത്തിയ പോരാട്ടത്തില്‍ സര്‍ക്കാര്‍ ഒളിപ്പിച്ച  കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ എല്ലാ രേഖകളുമാണ്  ജോസഫ് പുതുശ്ശേരിയ്ക്ക് സര്‍ക്കാര്‍ നല്‍കിയത്. ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രം ആവര്‍ത്തിച്ച് നല്‍കിയ കത്തുകള്‍ ആണ്  പൂഴ്ത്തിവെയ്പ്പ് പരാജയപ്പെട്ട ശേഷം സര്‍ക്കാര്‍ പുതുശ്ശേരിയ്ക്ക് നല്‍കിയത്.

2016 നവംബര്‍ 26 നാണ്  പുതുശ്ശേരി വിവരാവകാശ നിയമ പ്രകാരം ചീഫ് സെക്രട്ടറിയ്ക്ക് അപേക്ഷ നല്‍കുന്നത്. എന്നാല്‍ പൊതുഭരണവകുപ്പ് അണ്ടര്‍ സെക്രട്ടറി സന്തോഷ്‌ കുമാര്‍ എല്‍.റ്റി ഈ അപേക്ഷ തള്ളി. അപ്പീല്‍ അധികാരിയായ അഡീഷല്‍ സെക്രട്ടറിയും പുതുശ്ശേരിയുടെ അപേക്ഷ തള്ളി. അതിനുശേഷമാണ് മുഖ്യ വിവരാവാകാശ കമ്മിഷണര്‍ വിന്‍സെന്റ് എം പോളിന് പുതുശ്ശേരി അപേക്ഷ നല്‍കുന്നത്.

ഈ അപേക്ഷയില്‍ ഹിയറിംഗ് പൂര്‍ത്തിയാക്കിയാണ്  മുഖ്യ വിവരാവകാശ കമ്മിഷണര്‍ ജേക്കബ് തോമസിന്റെ അധ്യാപക ജോലിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പത്ത് ദിവസത്തിനുള്ളില്‍ നല്കാന്‍ ഉത്തരവിട്ടത്. രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

ജേക്കബ് തോമസിന്‍റെ നിയമലംഘനത്തില്‍ നിയമവിരുദ്ധമായ സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിന് നല്‍കിക്കൊണ്ടിരുന്നു. രേഖകള്‍ സംസാരിക്കുമ്പോള്‍ ജേക്കബ് തോമസിന്റെ കാര്യത്തില്‍ നടപടികള്‍ എടുക്കാതെയുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വ  നീക്കങ്ങളുടെ  പൂര്‍ണ്ണ ചിത്രമാണ് ദൃശ്യമാകുന്നത്. ഡിജിപി ജേക്കബ് തോമസ്‌  ടി.കെ.എം.എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനാകുകയും പ്രതിഫലം പറ്റുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു പല തവണ കത്തെഴുതി.

എന്നാല്‍  ഇടത് സര്‍ക്കാര്‍ നിര്‍ദ്ദേശം പൂഴ്ത്തുകയും ഈ കാര്യത്തില്‍ ലാഘവബുദ്ധിയോടെ പെരുമാറുകയും ചെയ്തു. ഈ കാര്യത്തിലുള്ള കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ എല്ലാം കേരളം തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരുന്നു.   വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയ ശേഷം നിരന്തര പോരാട്ടം നടത്തിയ ശേഷമാണ് ജോസഫ് എം പുതുശ്ശേരിയ്ക്ക് സര്‍ക്കാര്‍ ജേക്കബ് തോമസ് നടത്തിയ സര്‍വീസ് റൂള്‍ ലംഘനത്തിന്റെ മുഴുവന്‍ രേഖകളും വിവരങ്ങളും നല്‍കിയത്.

എഡിജിപി ആയിരുന്ന വേളയിലാണ്  ജേക്കബ് തോമസ്‌ ടി.കെ.എം.എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനാകുകയും നിയമവിരുദ്ധമായി വേതനം കൈപ്പറ്റുകയും ചെയ്തത്. 1.69,500 രൂപയോളം മാസ വരുമാനം കൈപ്പറ്റിയാണ് ടികെഎം എഞ്ചിനീയറിംഗ് കോളേജില്‍ ജേക്കബ് തോമസ്‌ അദ്ധ്യാപകന്‍ ആയി മാറിയത്. ജേക്കബ് തോമസിന്റെ കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് അന്വേഷണം വന്നപ്പോള്‍ ചീഫ് സെക്രട്ടറി തന്നെ വിശദമാക്കിയ കാര്യങ്ങള്‍ ആണിത്. (കത്തിന്റെ കോപ്പി വാര്‍ത്തയ്ക്കൊപ്പം).

മൂന്ന്‍ മാസത്തെ ലീവ് ജേക്കബ് തോമസിന് അനുവദിച്ചപ്പോള്‍ ഈ ലീവ് മൂന്നു മാസം കൂട്ടി നീട്ടിയിട്ടാണ് ജേക്കബ് തോമസ്‌ ടി.കെ.എം..എഞ്ചിനീയറിംഗ് കോളേജില്‍ തുടര്‍ന്നത്. ചീഫ് സെക്രട്ടറി കേന്ദ്രത്തിനു നല്‍കിയ കത്തില്‍ വിശദമാക്കുന്ന കാര്യമാണിത്.

ചീഫ് സെക്രട്ടറി 2015 ഡിസംബര്‍ മൂന്നിന് കേന്ദ്ര സര്‍ക്കാരിനു അയച്ച കത്തിലാണ് ഈ കാര്യം വിശദമാക്കുന്നത്. പ്രതിഫലം തിരിച്ചടിച്ചതിനാലും ഈ കാര്യത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ലാത്തതിനാലും അനന്തര നടപടി വേണ്ടെന്നു വെച്ചതായാണ് കേരളാ ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി ജി.സി.യാദവിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്.

 ഡിസംബര്‍ മൂന്നിന്റെ ഈ കത്തിന് ശേഷവും ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രം തുടരെ സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡിസംബര്‍ മൂന്നിന് കേരളം ഈ പ്രശ്നത്തില്‍ കേന്ദ്രത്തിനു കത്ത് നല്‍കി. തുടര്‍ന്ന് കേന്ദ്രം നടപടി ആവശ്യപ്പെട്ട് 2016 ജനുവരി ആറിനു കേരളാ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ചട്ടലംഘനം ഉണ്ടായതിനാല്‍ അച്ചടക്ക നടപടി സ്വീകരിക്കാത്തതിന്റെ വിശദീകരണം തേടിയായിരുന്നു ഈ കത്ത്.

ഇതേ വര്‍ഷം ഓഗസ്റ്റ് ഒന്‍പതിന്    കേരളം      കേന്ദ്രത്തിനു വീണ്ടും  കത്ത് നല്‍കി.  ജേക്കബ് തോമസിനെതിരെ നടപടി ആവശ്യമില്ലെന്ന ഈ ഈ കത്തിന് മറുപടിയായി കേന്ദ്രം 2016 സെപ്തംബര്‍ മാസം തന്നെ ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് വീണ്ടും  കേരളത്തിന്‌ കത്ത് നല്‍കി. സെപ്തംബര്‍  ഇരുപത്തി ഒന്‍പതിന് കേന്ദ്രം  നല്‍കിയ കത്തില്‍ കേരളം കൈക്കൊണ്ട നടപടികളും രേഖകളും ആവശ്യപ്പെട്ടിരുന്നു,

 

ഈ കത്തിന് ശേഷവും നടപടി കാണാത്തതിനാല്‍ കേന്ദ്രം വീണ്ടും ഇതേ വര്‍ഷം നവംബര്‍ ഏഴിന് വീണ്ടും  റിമൈന്‍ഡര്‍  എന്ന നിലയില്‍ കേന്ദ്രം കേരളത്തിനു കത്ത് നല്‍കി. എല്ലാ നിര്‍ദ്ദേശങ്ങളും  സര്‍ക്കാര്‍ ലംഘിച്ചു കൊണ്ടിരിക്കുകയും ചിറകിനടിയില്‍ വെച്ച് ജേക്കബ് തോമസിനെ സംരക്ഷിക്കുകയും ചെയ്തു.

വിവരാവാകാശ നിയമങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള ജോസഫ് എം പുതുശ്ശേരിയുടെ സാര്‍ത്ഥകമായ  പോരാട്ടമാണ് ഈ കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയ ഒളിച്ചുകളി വ്യക്തമാക്കുന്നത്. ജേക്കബ് തോമസിനേക്കാള്‍ തെറ്റ് ചെയ്തതത് സംസ്ഥാന സര്‍ക്കാര്‍ ആണെന്ന് ഈ രേഖകള്‍  വ്യക്തമാകുന്നു.

കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ നിയമ സംവിധാനം തകരുമെന്നാണ് കൊച്ചിയിലെ പ്രീത ഷാജിയുടെ വീട് ജപ്തി തടയപ്പെട്ടപ്പോള്‍  ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌   ഇടത് സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം പറഞ്ഞത് .  ജേക്കബ് തോമസിന്റെ നിയമലംഘനങ്ങള്‍  ചൂണ്ടിക്കാട്ടി   തുടരെ തുടരെ നടപടിക്ക്   ആവശ്യപ്പെട്ട കേന്ദ്രവും ചൂണ്ടിക്കാട്ടിയത് നിയമവും ചട്ടവും ഉത്തരവുകളും ലംഘിക്കാന്‍ ആരെയും അനുവദിക്കരുത് എന്നാണ്. എന്നാല്‍  സര്‍ക്കാര്‍ കേന്ദ്ര നിര്‍ദ്ദേശവും ഓര്‍മ്മപ്പെടുത്തലുകളും  ലാഘവത്തോടെ തന്നെ കണ്ടു.


ജേക്കബ് തോമസിന്റെ നിയമ ലംഘനങ്ങള്‍ക്ക് നേരെ കണ്ണടച്ച് സംരക്ഷണം നല്‍കി.  ഇതേ സര്‍ക്കാര്‍ കവചം  ഉപയോഗപ്പെടുത്തിയാണ്  ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന വിവാദ പുസ്തകം ജേക്കബ് തോമസ്‌ എഴുതുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തത്. പുസ്തകം വിവാദമായപ്പോള്‍ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പേരില്‍ സര്‍ക്കാരിനു ജേക്കബ് തോമസിനെതിരെ നടപടി എടുക്കേണ്ടി വന്നു.

ജേക്കബ് തോമസിനെതിരെ സർവീസ് ചട്ടലംഘനം ചൂണ്ടിക്കാണിച്ചാണ്  സര്‍ക്കാര്‍  കുറ്റപത്രം നല്‍കിയത്   കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി ചൂണ്ടിക്കാട്ടിയപ്പോള്‍ ഇതേ സര്‍വീസ് ചട്ട ലംഘനമാണ് ഇടത്  സര്‍ക്കാര്‍  അവഗണിച്ചത്. ജേക്കബ് തൊമസിനെതിരെ കേന്ദ്രം ചൂണ്ടിക്കാട്ടിയ  അതേ സര്‍വീസ് ചട്ടലംഘനം തന്നെ സര്‍ക്കാരിനും ഒടുവില്‍ ആയുധമാക്കേണ്ടി വന്നു.   ഈ പ്രശ്നത്തിലാണ് ജേക്കബ് തോമസിന്റെ സസ്പെന്‍ഷന്‍ തുടര്‍ന്ന് കൊണ്ടുമിരിക്കുന്നത്.