വ്യക്തമായ തെളിവുകള്‍ കിട്ടിയ ശേഷമെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കൂ എന്ന് കേന്ദ്രം

0
29

ന്യൂഡൽഹി : വ്യക്തമായ തെളിവുകള്‍ കിട്ടിയ ശേഷം മാത്രമേ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിക്കൂ എന്ന് കേന്ദ്രം. ഇതു സംബന്ധിച്ച തെളിവുശേഖരണം നടക്കുകയാണെന്നും തിടുക്കത്തില്‍ തീരുമാനം എടുക്കില്ലെന്നും ആഭ്യന്തമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

നിരോധനത്തെ കോടതിയില്‍ ചോദ്യം ചെയ്തേക്കാമെന്ന സാധ്യത മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വ്വം നടപടികളെടുക്കുന്നതെന്നാണ് സൂചന. ആഭ്യന്തര മന്ത്രാലയത്തിനു പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയെല്ലാം തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ പങ്കെടുക്കുന്നുണ്ട്.

സംഘടനയുടെ സാമ്പത്തിക സ്രോതസ്സും ജനതാല്‍പത്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ സംഘടന ഏര്‍പ്പെടുന്നുണ്ടോയെന്നും നിരോധിച്ച മറ്റു ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്നുമെല്ലാം അന്വേഷിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. പോപ്പുലര്‍ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കണമെന്ന് കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെട്ടിതിനു പിന്നാലെ നാലുമാസം മുമ്പാണ് നിരോധനമേര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്.