ഓർമ്മകളുടെ നൊമ്പരം- കവിത

0
420

ഹരിത മികിത്

വറ്റി വരണ്ട നദിയുടെ മാറിലെ
മൺതരി പോലിന്നു ജീവിതം
കാറ്റിന്റെ കൈതട്ടി പാറി പറക്കുന്നു
എങ്ങോട്ടോ മായുന്നു ഓർമ്മകൾ…

കാത്തിരിപ്പേകിയും കാലം കടന്നതും
ഇന്നെന്റെ ഓർമ്മയായ് മാറുമ്പോൾ
മാറോടു ചേർത്തൊരാ പിച്ചകപ്പൂവേന്തെ
കണ്ണീർ പൊഴിക്കുന്നു ചാരയായ്…

കൺമഷി തൂകിയ കണ്ണുകൾ ഇന്നാരെ
ഉറ്റു നോക്കുന്നുവോ ചുറ്റിലും
ആരുമില്ലെന്നറിയുമ്പോഴും പിന്നെയും
ഏകയായ് ഞാൻ വഴി തേടുന്നു…

പുഞ്ചിരി മായുമ്പോൾ വന്നു ചേർന്നുള്ളൊരാ
ദുഃഖവും പേറി ഞാൻ നീങ്ങവേ
ഭാണ്ഢത്തിനുള്ളിൽ കിടന്നൊരെൻ സ്വപ്നമോ,
ഭ്രാന്തമായ് തേങ്ങുന്നു കാതിലായ്…

വീഥികൾ ഭീതിയായ് നെഞ്ചിൽ പിടയുമ്പോൾ
വീട്ടിലേക്കെത്തുവാൻ വെമ്പവേ
കൊട്ടിയടച്ചൊരാ വാതിലു പിന്നെയും
കൊഞ്ഞനം കുത്തുമോ എന്നിലായ്…

എങ്ങോ മറന്നൊരാ പാട്ടിന്റെ ഈണമെൻ
കാതിൽ മുഴങ്ങവേ മൗനമായ്
താഴിട്ടു പൂട്ടിയ മോഹവും പേറി ഞാൻ
താനേ പറക്കുന്നു നിദ്രയിൽ…

വീണ്ടുമെൻ തൂലികത്തുമ്പിൽ പിറക്കുന്ന
അക്ഷര കുഞ്ഞുങ്ങൾ കൂട്ടമായ്
എന്തോ മൊഴിയുന്നു, എങ്ങോ മറയുന്നു
പിന്നെയും ചോദ്യങ്ങൾ ബാക്കിയായ്‌

കണ്ണുനീർ വറ്റി വരണ്ട കവിൾത്തടം
ചുംബനത്തിൻ ഗന്ധം തേടവേ,
കാണാതെ പോയ നിൻ കണ്ണുകൾ
ഓർത്തു ഞാൻ നൊമ്പരപ്പൂമൊട്ടു കോർക്കുന്നു…

താനേ പിടഞ്ഞു കിടന്നു കരയുന്ന
പെണ്ണിന്റെ ഉള്ളിലെ നൊമ്പരം…
എന്തായി തീരുമോ ഒന്നു നീ ചൊല്ലിടു
എന്നിലായ് നീ ഒന്നു ചേർന്നിടൂ…
എന്നിലായ് നീ ഒന്നു ചേർന്നിടൂ…