ബാങ്കോക്ക്: തായ്ലന്ഡിലെ ലുവാംഗ് ഗുഹയിൽനിന്ന് രക്ഷപ്പെടുത്തിയ 12 കുട്ടികളും ഫുട്ബോള്‍ കോച്ചും പുറത്തെത്തിയ ശേഷം സംസാരിക്കുന്ന ആദ്യ വിഡിയോ അധികൃതര്‍ പുറത്തു വിട്ടു. ആശുപത്രിയില്‍ തീവ്രപരിചരണത്തിലിരിക്കുന്ന കുട്ടികള്‍ ആരോഗ്യവാന്മാരാണെന്ന് പറയുന്ന വിഡിയോ ആണ് പുറത്തു വിട്ടത്.
തങ്ങള്‍ ആരോഗ്യവാന്മാരാണ്. ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നവര്ക്ക് നന്ദി എന്നും കുട്ടികള്‍ വീഡിയോയിലുടെ പറയുന്നുണ്ട്. ഒാരോരുത്തരും പേര് പറഞ്ഞ് പരിചയപ്പെടുത്തിക്കൊണ്ടാണ് സംസാരിക്കുന്നത്.ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിടാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും വെളിച്ചവും ലഭിക്കാതെ ദിവസങ്ങളോളം കഴിയേണ്ടി വന്നതിനാല്‍ കുട്ടികള്‍ അവശരാണെന്നും ചിലര്‍ക്ക് അണുബാധയുണ്ടെന്നും അധികൃതര്‍ പറഞ്ഞിരുന്നു.
പിന്നീട് കുട്ടികള്‍ ആശുപത്രിക്കിടക്കയില്‍ നിന്ന് വിജയ ചിഹ്നം ഉയര്‍ത്തിക്കാണിക്കുന്ന വിഡിയോയും പുറത്തു വിട്ടിരുന്നു. ആശുപത്രിവാസം ഒരാഴ്ചയോട് അടുത്തപ്പോഴാണ് കുട്ടികള്‍ സംസാരിക്കുന്ന വിഡിയോ അധികൃതര്‍ പുറത്തു വിട്ടത്.