റോഷ്നി ദിനകര്‍ ചിത്രം മൈ സ്റ്റോറിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ വി.സി അഭിലാഷ്.
മൈ സ്റ്റോറി ഒരു മോശം ചിത്രമാണെങ്കില്‍ ആ തരത്തിലുള്ള വിമര്‍ശനമാണ് ഉന്നയിക്കേണ്ടതെന്നും ഒരു ലിപ് ലോക്കിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരി എന്നു വിളിക്കുന്നവരെ ആരാധകര്‍ എന്ന് വിളിക്കാനാവില്ലെന്നും അത്തരക്കാര്‍ ഞരമ്പുരോഗികളാണെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
വി.സി അഭിലാഷിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സൂപ്പർ താരങ്ങളുടെ ഫാൻസ് അസോസിയേഷനുകൾ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ അത്തരം ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിലാണോ അവർ ഇന്നറിയപ്പെടുന്നത് ? അതിന്റെ എന്തെങ്കിലും ക്രെഡിറ്റ് അവർക്ക് ഇന്ന് കിട്ടുന്നുണ്ടോ? എന്റെ അറിവിൽ, വിദ്യാ സമ്പന്നരും സംസ്കാര സമ്പന്നരുമായ ഒട്ടേറെപ്പേർ ഈ സംഘടനകളിലുണ്ട്. പക്ഷെ പൊതു സമൂഹത്തിൽ ഈ ഫാൻസ് അസോസിയേഷനുകളുടെ മുഖമെന്താണ്?
മൈ സ്റ്റോറി എന്ന ചലച്ചിത്രത്തിന്റെ സംവിധായിക തന്റെ സിനിമയ്ക്ക് നേരിടേണ്ടി വന്ന ദുര്യോഗമോർത്ത് സങ്കടപ്പെടുകയാണ്.പതിനെട്ട് കോടി മുടക്കിയ ഒരു സിനിമയാണത്. വലിയ രീതിയിൽ സൈബർ ആക്രമണമാണ് അവർ നേരിടുന്നത്.അതിന്റെ പിന്നിലെ കാരണങ്ങൾ ഫാൻസ് അസോസിയേഷനുകളുടെ നേതാക്കൾ ചർച്ച ചെയ്യേണ്ടതല്ലേ?
മൈ സ്റ്റോറി ഒരു മോശം ചിത്രമാണെങ്കിൽ ആ തരത്തിലുള്ള വിമർശനമാണ്ഉന്നയിക്കേണ്ടത്. അല്ലാതെ ലിപ്സ്ലോക്ക് ചെയ്തതിന്റെ പേരിൽ നായികയെ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്നവരെ ഫാൻസ് എന്ന് വിളിക്കാനാവില്ല. ഞരമ്പ് രോഗികൾ എന്നെ വിളിക്കാനാവൂ. അക്കൂട്ടർ സിനിമാ വ്യവസായത്തെ തകർക്കുകയെ ഉള്ളൂ. ഈ ഞരമ്പ് രോഗികൾ വിജയിപ്പിച്ച ഏതെങ്കിലും ഒരു സിനിമ ഇന്നോളമുണ്ടായിട്ടുണ്ടോ?
ഫാൻസ് അസോസിയേഷനുകളുടെ നേതാക്കൾ കൂട്ടം തെറ്റി നടക്കുന്ന തങ്ങളുടെ ഈ അംഗങ്ങളെ തിരുത്താൻ മുൻകൈയെടുക്കണം.