അധികാരം നിലനിര്‍ത്താന്‍ മോദി ധൃതരാഷ്ട്രരെപ്പോലെ പെരുമാറുന്നെന്ന്‌ കോണ്‍ഗ്രസ്

0
27

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ വികാരം ഉണര്‍ത്താനാണ് മോദിയും ബിജെപിയും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അധികാരം നിലനിര്‍ത്താനുള്ള പരക്കംപാച്ചിലില്‍ മോദി മഹാഭാരതത്തിലെ ധൃതരാഷ്ട്രരെപ്പോലെയാണ് പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.ഇന്ത്യന്‍ സമൂഹത്തില്‍ ഹിന്ദു-മുസ്ലിം ധ്രുവീകരണം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

പ്രധാനമന്ത്രിയുടെയും ബിജെപിയിലെ മറ്റു നേതാക്കളുടെയും രോഗാതുരമായ മനഃസ്ഥിതിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. മഹാഭാരതത്തിലെ അന്ധകഥാപാത്രമായ ധൃതരാഷ്ട്രരെപ്പോലെയാണ് മോദി. സാമുദായിക സൗഹാര്‍ദ്ദവും സാഹോദര്യവും തകര്‍ത്ത് അധികാരം നേടാന്‍ ശ്രമിക്കുന്ന ബിജെപി ദുര്യോധനനെ പോലെയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.