
ന്യൂഡല്‍ഹി: അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിക്കാന്‍ ലഷ്കര്‍ പദ്ധതിയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കശ്മീരില്‍ കൊല്ലപ്പെട്ട പത്രപ്രവര്ത്തകന് ഷുജാദ് ബുഖാരിയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘമാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് സൂചന. ഇതിന്റെ മുന്നോടിയായി പാകിസ്താനില്‍നിന്നുള്ള സഹായത്തോടെ യുവാക്കള്‍ക്ക് സംഘടന പരിശീലനം നല്‍കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
കൂടുതല്‍ പേരെ സംഘടനയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളതായും സൈന്യത്തിന്റെ കൈയ്യില്‍നിന്ന് ആയുധങ്ങള്‍ തട്ടിയെടുക്കുന്നതിന് നിര്‍ദേശം നല്കിയിട്ടുള്ളതായും റിപ്പോര്‍ട്ട് പറയുന്നു. പുതിയ അംഗങ്ങളില്‍ പലരും അതിര്‍ത്തി കടന്നു പോയി പരിശീലനം നേടിയതായും ഭീകരരില്‍ ചിലരെ മേഖലയില്‍ കണ്ടതായും സൂചനയുണ്ട്.
സുരക്ഷാ സൈന്യത്തിന്റെ കൈയ്യില്‍നിന്ന് ആയുധങ്ങള്‍ തട്ടിയെടുക്കുന്ന സംഭവങ്ങള്‍ അടുത്തിടെയായി വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു. റംസാന് നോമ്ബുമായി ബന്ധപ്പെട്ട് നടപ്പാക്കിയിരുന്ന വെടിനിര്ത്തലിനോടനുബന്ധിച്ചാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അനന്ത്നാഗില്‍ കഴിഞ്ഞ ദിവസവും ആയുധം തട്ടിയെടുക്കുന്ന സംഭവമുണ്ടായിരുന്നു. ഇതെല്ലാം ഭീകരര്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന ആക്രമണത്തിനു മുന്നോടിയായാണ് വിലയിരുത്തപ്പെടുന്നത്.