ജാമ്യം നിന്നതിന്റെ പേരില്‍ കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരായ സമരം: പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു

0
28

കൊച്ചി: സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്കു ജാമ്യം നിന്നതിന്റെ പേരില്‍ കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരായി ഡിആര്‍ടി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ കൊച്ചിയിലെ വീട്ടമ്മ പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു. പ്രതിഷേധിച്ച മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു നീക്കി. ജപ്തി നടപടി തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് 12 പെരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പനമ്പള്ളി നഗറിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനു മുന്നിലായിരുന്നു പ്രീത ഷാജിയുടെയും സമരസമിതിയുടെയും പ്രതിഷേധം. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരമായിരുന്നു ആഹ്വാനം ചെയ്തിരുന്നത്. ഇതിനായി എത്തിയപ്പോഴാണ് പ്രതിഷേധ സമരം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ഇവരെ അറസ്റ്റ് ചെയ്തത്.

പ്രീതയും കുടുംബവും താമസിക്കുന്ന വീട് ജപ്തി ചെയ്യാന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വീണ്ടും അനുവാദം കൊടുത്തത്. മൂന്ന് ആഴ്ചക്കുള്ളില്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ബാങ്ക് ലേലത്തില്‍ വിറ്റ സ്ഥലം വാങ്ങിയ ആളാണ് കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി ഹര്‍ജി സമര്‍പ്പിച്ചതും അനുകൂല വിധി സമ്പാദിച്ചതും.