സ്വാമി അഗ്നിവേശിനെതിരായ ആക്രമണം: ജനാധിപത്യസംവാദങ്ങളില്‍ ഏര്‍പ്പെടാനുള്ള എല്ലുറപ്പ് സംഘപരിവാറിനില്ലെന്ന് ഐസക്

0
23

തിരുവനന്തപുരം: ആശയങ്ങളെയും നിലപാടുകളെയും നേർക്കുനേർ നേരിടുന്നതിൽ സംഘപരിവാറുകാരുടെ ഭീരുത്വമാണ് സ്വാമി അഗ്നിവേശിനെതിരെയുള്ള  ആക്രമണത്തിൽ വീണ്ടും തെളിഞ്ഞതെന്ന് മന്ത്രി തോമസ് ഐസക്.

കൈക്കരുത്തുകൊണ്ടും സംഘബലം കൊണ്ടും തങ്ങൾക്കിഷ്ടമില്ലാത്ത നിലപാടുകളെ നിഷ്കാസനം ചെയ്യാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണ്. അക്രമത്തേക്കാൾ നീചമാണ് അതിനെ ന്യായീകരിച്ചുകൊണ്ട് ബിജെപി നേതാക്കൾ നടത്തിയ പ്രതികരണം. റാഞ്ചിയ്ക്കു സമീപം ഒരു ആദിവാസി യോഗത്തില്‍ പ്രസംഗിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ മുപ്പതംഗ സംഘപരിവാർ അക്രമിസംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. വയോധികനായ അദ്ദേഹത്തെ അക്രമികൾ നിലത്തിട്ടു ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും അസഭ്യം പറയുകയും ചെയ്തു.

അദ്ദേഹം പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കില്‍ മാന്യമായി അതു പ്രകടിപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ അത്തരം ജനാധിപത്യസംവാദങ്ങളില്‍ ഏര്‍പ്പെടാനുള്ള എല്ലുറപ്പ് സംഘപരിവാറുകാര്‍ക്കില്ല. അതുണ്ടാകണമെങ്കില്‍ മിനിമം എഴുത്തും വായനയുമെങ്കിലും അറിയണമെന്നും ഐസക് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.